ടെന്നസി: യുഎസിലെ ടെന്നസിയിൽ ഇരുന്നൂറ് വർഷത്തിനിടെ ആദ്യമായി ഒരു വനിതയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും. 50 വയസ്സുകാരിയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്റെ വധശിക്ഷയാണ് നടപ്പാക്കുന്നത്. വധശിക്ഷ തടയണമെന്ന അവസാന നിമിഷത്തെ അപേക്ഷ യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് പൈക്കിന്റെ ജീവിതത്തിലേക്കുള്ള വാതിൽ അടഞ്ഞത്. 18-ാമത്തെ വയസ്സിൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

To advertise here,

ടെന്നസി ഗവർണർ ബിൽ ലീ ദയാഹർജി നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് പരമോന്നത കോടതിയുടെ ഈ തീരുമാനം വന്നത്. നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കുക. 1820-നുശേഷം ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക്.

കാമുകനെ തട്ടിയെടുക്കുമെന്ന പേടിയിൽ കൊല

1995 ജനുവരി 12-ന് നോക്സ്‌വില്ലിലെ ജോബ് കോർപ്സ് പരിശീലന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്റ്റ പൈക്ക്, തന്റെ സഹപാഠി 19 വയസ്സുള്ള കോളിൻ സ്ലെമ്മറിനെയാണ് കൊലപ്പെടുത്തിയത്. തന്റെ തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ സ്ലെമ്മർ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

പൈക്കും കാമുകൻ ഷിപ്പും ചേർന്ന് സ്ലെമ്മറെ ഒരു വിജനമായ കാട്ടുപ്രദേശത്തേക്ക് വിളിച്ചുവരുത്തി, ബോക്സ് കട്ടർ ഉപയോഗിച്ച് മുറിവേൽപ്പിച്ചും തടിക്കട്ടകൾ കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം സ്ലെമ്മറുടെ ശരീരത്തിൽ തലകീഴായ നക്ഷത്ര ചിഹ്നം കൊത്തിവെക്കുകയും ചെയ്തു. സാത്താൻ സേവയുമായി ബന്ധപ്പെട്ട ഈ ചിഹ്നം മൃതദേഹത്തിൽ കണ്ടെത്തിയത് അക്കാലത്ത് വലിയ മാധ്യമ ശ്രദ്ധ നേടി. കൊലപാതകത്തിന് ശേഷം പൈക്ക് സഹപാഠികളോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും സ്ലെമ്മറുടെ തലയോട്ടിയുടെ ഒരു കഷ്ണം കാണിക്കുകയും ചെയ്തതായി വിചാരണ വേളയിൽ സാക്ഷികൾ മൊഴി നൽകിയിരുന്നു.

‘കൗമാരത്തിലെ കുറ്റകൃത്യം, മാനസികരോഗം’

1996-ൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പൈക്ക്, അന്ന് ടെന്നസിയിലെ വധശിക്ഷാ തടവുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന കാമുകൻ ഷിപ്പിന് വധശിക്ഷയിൽനിന്ന് ഇളവ് ലഭിക്കുകയും പരോളോട് കൂടിയ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

താൻ സ്ലെമ്മറെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പൈക്ക്, തുടക്കത്തിൽ ആക്രമിക്കാൻ മാത്രമാണ് പദ്ധതിയിട്ടതെന്നും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ആക്രമണമായി മാറുകയുമായിരുന്നുവെന്നും വ്യക്തമാക്കി. 18-ാം വയസ്സിൽ കുറ്റം ചെയ്ത കൗമാരക്കാരുടെ ബുദ്ധിവളർച്ച പൂർണമല്ലെന്നും പൈക്കിന്റെ ബാല്യകാലത്തെ കടുത്ത ശാരീരിക-ലൈംഗിക പീഡനങ്ങളും മാനസിക രോഗങ്ങളും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകനായ സ്റ്റീഫൻ ഫെറെൽ വാദിച്ചു. കുട്ടിക്കാലം മുതൽ കടുത്ത പീഡനങ്ങൾ നേരിട്ട പൈക്ക് 11-ാം വയസ്സിലും 17-ാം വയസ്സിലും പീഡനത്തിനിരയായിട്ടുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. പിന്നീട് ഇവർക്ക് ബൈപോളാർ ഡിസോർഡറും പി.ടി.എസ്.ഡി.യും സ്ഥിരീകരിച്ചതായും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

"ഞാൻ മാനസികരോഗിയായ ഒരു 18 വയസ്സുകാരിയായിരുന്നു... ഇത്തരമൊരു കുറ്റം ചെയ്യാൻ എനിക്ക് കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് അറപ്പ് തോന്നുന്നു", പൈക്ക് കോടതിയിൽ പറഞ്ഞു. "ദയാഹർജി ലഭിച്ചാലും ഇല്ലെങ്കിലും ഞാൻ സമാധാനത്തിലാണ്. എനിക്ക് മരണത്തെ ഭയമില്ല..." അവർ പറഞ്ഞു.

ഇരയുടെ കുടുംബത്തിന്റെ കാത്തിരിപ്പ്

കൊല്ലപ്പെട്ട കോളിൻ സ്ലെമ്മറുടെ മാതാവ് മെയ് മാർട്ടിനെസ് വധശിക്ഷയ്ക്ക് സാക്ഷിയാകാൻ ഫ്ലോറിഡയിൽനിന്ന് നാഷ്‌വില്ലിൽ എത്തിയിരുന്നു. സ്പെഷ്യൽ ഒളിംപിക്സിൽ സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന, കമ്പ്യൂട്ടറുകളിൽ താല്പര്യമുണ്ടായിരുന്ന സ്ലെമ്മറെപ്പറ്റി ഓർക്കുമ്പോൾ അമ്മ വിതുമ്പി. "ഓരോ തവണ ചിന്തിക്കുമ്പോഴും കോളിൻ ആ വേദന സഹിച്ചതും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതുമാണ് എന്റെ മനസ്സിൽ വരുന്നത്... അവൾ എല്ലാവരെയും വിശ്വസിച്ചു, അതാണ് അവളുടെ നാശത്തിന് കാരണമായത്", സ്ലെമ്മറുടെ മാതാവ് പറഞ്ഞു.

അപൂർവ്വതയുള്ള വധശിക്ഷ

അമേരിക്കയിൽ സ്ത്രീകളുടെ വധശിക്ഷ വളരെ അപൂർവ്വമാണ്. 1976-നുശേഷം ആകെ 18 സ്ത്രീകൾ മാത്രമാണ് യു.എസിൽ വധശിക്ഷയ്ക്ക് വിധേയരായിട്ടുള്ളത് (ആകെ വധശിക്ഷകളുടെ 1%). 2021-ൽ ലിസ മോണ്ട്ഗോമറിയെ ഫെഡറൽ ഗവൺമെന്റും 2023-ൽ മിസോറിയിൽ ആംബർ മക്ലാഫ്ലിനെയും വധിച്ചിരുന്നു. 18 മുതൽ 20 വയസ്സുവരെയുള്ള പ്രായത്തിൽ കുറ്റം ചെയ്തവർക്ക് വധശിക്ഷ നൽകുന്നതും നിലവിലെ നിയമസംവിധാനങ്ങളിൽ വളരെ അപൂർവ്വമാണ്.