ആലുവ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിനല്കാമെന്നു പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൃപ്രയാര്‍ കെ.കെ. കോംപ്ലക്സില്‍ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂണ്‍പീസില്‍ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേര വളപ്പില്‍ മുഹമ്മദ് സമീര്‍ (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷന് ടീം അറസ്റ്റ് ചെയ്തത്. ആലുവ ചൂണ്ടി സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിനല്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് 33.5 ലക്ഷത്തോളമാണ് പിടികൂടിയവര്‍ കണ്ണികളായ വന്‍ സംഘം തട്ടിയത്.
അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി ഇത്രയും തുക നിക്ഷേപിച്ചത്. ആദ്യ ഗഡു നിക്ഷേപിച്ചപ്പോള്‍ ലാഭവിഹിതമെന്നു പറഞ്ഞ് 5000 രൂപ നല്കി. ഈ വിശ്വാസം പരാതിക്കാരന് വിനയായി. സമൂഹമാധ്യമത്തില്‍ ബ്ലോക്ക് ട്രേഡിങ് അക്കാദമി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ഇരുന്നൂറിലേറെ അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് ലിങ്കിലൂടെയെത്തി. അതില്‍ കമ്പനികളുടെ ഷെയര്‍ വാങ്ങിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഗ്രൂപ്പ് അഡ്മിന് നല്കി. ഇതിലൂടെ ലാഭംകിട്ടിയവര് എന്നമട്ടില്‍ തട്ടിപ്പുസംഘംതന്നെ ഇതിന്റെ ഗുണം കിട്ടിയെന്നും മറ്റും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഗ്രൂപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ കൂടുതല്‍ അറിയുന്നതിനെന്നുപറഞ്ഞ് സംഘം ടെലിഗ്രാം ഐ.ഡി.യും നല്കി.
ദിവസവും 350 ശതമാനം ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്. അതിനുശേഷം ബാങ്ക് വിവരങ്ങളും വ്യക്തിഗതവിവരങ്ങളും അയക്കുന്നതിന് ഒരു ലിങ്കും നല്കി. കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റില്‍ അക്കൗണ്ടും അതില്‍ അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് അയച്ചുകൊടുത്തത്. അതിലേക്കാണ് അഞ്ചുപ്രാവശ്യമായി തുക നല്‍കിയത്. ലാഭമായി വന്‍തുക ഉണ്ടെന്ന് സംഘം വിശ്വസിപ്പിച്ചു. പിന്നെയും തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് ചൂണ്ടി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്. നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനും കഴിഞ്ഞില്ല. ഉടനെ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് പരാതി നല്കി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
നിയമാനുസൃതമല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി. ഒട്ടേറെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്നും കണ്ടെത്തി. ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ്, എസ്.ഐ. ആര്. അജിത് കുമാര്‍, എ.എസ്.ഐ. ആര്. ഡെല്‍ജിത്ത്, സീനിയര്‍ സി.പി.ഒ.മാരായ പി.എം. തല്‍ഹത്ത്, വികാസ് മണി, പി.എസ്. ഐനീഷ്, സി. നിഖില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Content Highlights: online trading fraud two arrested in aluva
Published: 24 Mar 2024, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented