പയ്യന്നൂർ: കൊറ്റിയിലെ വയോധികയുടെ മൃതദേഹം വീട്ടുപറമ്പിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. 2024 നവംബർ ഒന്നിന് രാവിലെയാണ് പയ്യന്നൂർ കൊറ്റി വാടിപ്പുറം അങ്കണവാടിക്ക് സമീപത്തെ സുരഭി ഹൗസിൽ സുലോചനയെ(76) കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ, മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല.
പയ്യന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നിയോഗിച്ച പ്രത്യേക സംഘത്തിന് റൂറൽ ജില്ലാ പോലീസ് മേധാവി കേസ് അന്വേഷണം കൈമാറിയിരുന്നു. എന്നാൽ, അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെയാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സംഭവദിവസം വയോധിക ധരിച്ചിരുന്ന അഞ്ചുപവനോളം വരുന്ന ആഭരണങ്ങൾ മൃതദേഹത്തിൽ കാണാതിരുന്നതിനെ തുടർന്ന് മരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങൾ മൃതദേഹത്തിൽ കാണാതിരുന്നതും ചെരിപ്പുകൾ കിണറ്റിന് സമീപത്തുനിന്നും ഇരുപതോളം മീറ്റർ അകലെ വ്യത്യസ്തയിടങ്ങളിൽ കാണപ്പെട്ടതും ബന്ധുക്കളിലും നാട്ടുകാരിലും സംശയമുയർത്തി. കൊലപാതകമാണെന്ന സംശയത്തിൽ പോലീസും അന്വേഷണം തുടങ്ങി.
ധരിച്ചിരുന്ന ആഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് ഉത്തരം കണ്ടെത്താനായില്ല. സംശയദൂരീകരണത്തിനായി മൃതദേഹം കണ്ട കിണറ്റിലെ വെള്ളം വറ്റിച്ച് പോലീസ് പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായില്ല.
വിരലിൽ ഊരിയെടുക്കാനാകാതെ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നത് പോലീസിനും സംശയത്തിനിടനൽകി. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
Content Highlights: old womans body found dead in well near payyannur
Published: 25 Jul 2025, 08:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented