പാണ്ടിക്കാട്(മലപ്പുറം): യുഎഇയില്‍ നിരവധി സ്ഥാപനങ്ങളുടെ ഉടമയും പാണ്ടിക്കാട് സ്വദേശിയുമായ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ടൗണില്‍ വിന്നേഴ്‌സ് ഗ്രൗണ്ടിനു സമീപത്തെ വട്ടിപ്പറമ്പത്ത് ഷമീറിനെ(36)യാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

To advertise here,

കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം. ടൗണില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിനു സമീപത്തുവെച്ച് കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദുബായില്‍ വ്യവസായിയായ ഷമീര്‍ ഈമാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്.

ദുബായിലുള്ള സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിലേക്കു നയിച്ചതെന്നാണ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയവര്‍ ഒന്നരക്കോടി രൂപ കുടുംബത്തോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭ്യമായതായും ഷമീറിനെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായും സൂചനയുണ്ട്.