
മുംബൈ: കൂടുതല്‍ വിവാദങ്ങളില്‍ കുരുങ്ങി മഹാരാഷ്ട്രയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജാ ഖേദ്കര്‍. ഉദ്യോഗസ്ഥക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ അമ്മയ്ക്കെതിരേ പുണെ പോലീസും കേസെടുത്തു. തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പുണെ പോലീസ് പൂജയുടെ അമ്മ മനോരമ ഖേദ്കറിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
പൂജാ ഖേദകറിനെതിരേ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അമ്മയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് മനോരമ ഖേദ്കര്‍ തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒരുവര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുല്‍ഷിയില്‍ നടന്ന സംഭവമായിരുന്നു ഇത്. കഴിഞ്ഞദിവസങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് പുണെ പോലീസ് മനോരമ ഖേദ്കറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read
അതിനിടെ, പൂജയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ വിവാദ പ്രൊബേഷണറി ഐ.എ.എസ്. ഓഫീസര്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായി നവിമുംബൈ പോലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. മേയ് 18-ന് പന്‍വേല്‍ പോലീസ് എടുത്ത കേസിലായിരുന്നു പൂജയുടെ ഇടപെടല്‍.
ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ വിവേക് പന്‍സാരെയെ ഫോണില്‍ വിളിച്ച് മോഷണക്കേസില്‍ അറസ്റ്റിലായ ഈശ്വര്‍ ഉത്തര്‍വഡെ എന്ന പ്രതിയെ വിട്ടയക്കണമെന്ന് പൂജ ആവശ്യപ്പെടുകയായിരുന്നു. നവി മുംബൈ പോലീസ് സമ്മര്‍ദത്തിന് വഴങ്ങിയില്ലെന്നും പ്രതി ഉത്തര്‍വഡെ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പൂജാ ഖേദ്കര്‍ 21 തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. 27,000 രൂപ ട്രാഫിക് പോലീസ് പല സംഭവങ്ങളിലായി ഇവര്‍ക്ക് പിഴയിട്ടിട്ടുണ്ട്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് കൂടിയായ പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മുല്ഷിതാലൂക്കില് 25 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നു.
പ്രത്യേക കാബിനും സ്റ്റാഫും വേണമെന്ന ആവശ്യവുമായി വിവാദം സൃഷ്ടിച്ച പൂജാ ഖേദ്കറെ പുണെയില്‍നിന്ന് വാഷിം ജില്ലയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജയുടെ യോഗ്യതകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്രം വ്യാഴാഴ്ച ഏകാംഗ സമിതി രൂപവത്കരിച്ചിരുന്നു. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിക്കാവും അന്വേഷണച്ചുമതല. സര്‍വീസില്‍ പ്രവേശിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള പ്രധാന ആരോപണം.
Content Highlights: new controversy about pooja khedkar
Published: 13 Jul 2024, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented