
മൂവാറ്റുപുഴ: ആയുർവേദ ആശുപത്രി ജീവനക്കാരിയെ രാത്രി വഴിയിൽതടഞ്ഞ് അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ച് പിടിയിലായ അഞ്ചംഗസംഘത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. യുവതി കൈകാണിച്ചുനിർത്തി രക്ഷപ്പെടാനായി കയറിയ ടോറസ് വാഹനത്തെ സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിലുണ്ട്. അക്രമികളുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾ വഴിവക്കിൽ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തു. വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
രണ്ടുബൈക്കുകളിൽ ആയുധങ്ങളുമായി അലറിവിളിച്ച് ടോറസിന്റെ ഇരുവശങ്ങളിലേക്കും പാഞ്ഞുകയറി ആയുധങ്ങളും കൈകളും ഉപയോഗിച്ച് വാഹനത്തിൽ അടിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോറസിന്റെ പിന്നിലൂടെ അപകടകരമാംവിധം അടുത്തു ചെന്നും വളവിലടക്കം ഒപ്പം കയറിയുമാണ് അക്രമണത്തിന് ശ്രമിച്ചുകൊണ്ടിരുന്നത്.
രണ്ടുബൈക്കുകളിലുള്ളവർ അമിതവേഗത്തിൽ ടോറസിനെ പിന്തുടർന്ന് അസഭ്യം വിളിക്കുന്നതും വണ്ടിയിൽ അടിക്കുന്നതും പിന്നാലെവന്ന കാർയാത്രികർ കണ്ടു. ഇവർ ഇത് ഫോണിൽ പകർത്തിയതാണ് പ്രധാന തെളിവായത്. പിറവം റോഡരികിൽനിന്നാണ് പ്രതികൾ ഉപയോഗിച്ച കമ്പിവടിയും കമ്പിപ്പാരയും കണ്ടെടുത്തത്. ഇത് പോലീസിനെകണ്ട് ഉപേക്ഷിച്ചതാണ്.
ഫോണിൽ തിരഞ്ഞ് നമ്പറെടുത്താണ് യുവതി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചത്. ഉടൻ പോലീസ് രാമമംഗലം പോലീസിനും പിറവം പോലീസിനും നിർദേശം നൽകി. യുവതിയെ ടോറസിൽ കയറാൻ സഹായിക്കുകയും ഒപ്പംചെല്ലുകയുംചെയ്ത അമൽ സാബുവിന്റെ ഇടപെടലും ഇതരസംസ്ഥാനത്തൊഴിലാളിയായ ടോറസ് ഡ്രൈവറുടെ സഹായ മനഃസ്ഥിതിയും യുവതിക്ക് രക്ഷയായി.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്ക് പിറവം റോഡിൽനിന്ന് നടന്നുപോയ യുവതിയെ അഞ്ചംഗസംഘം തടഞ്ഞ് അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചത്. അതുവഴിവന്ന ബൈക്കുകാരന്റെ സഹായത്തോടെ ടോറസിൽ കയറിയാണ് യുവതി രക്ഷപ്പെട്ടത്.
പ്രതികളെ രാത്രിതന്നെ മൂവാറ്റുപുഴ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. പ്രതികൾ മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: New CCTV evidence shows five suspects chasing and attacking a woman., Police recovered weapons including iron rods abandoned by the suspects., Victim escaped by seeking help from a passing lorry driver., All five suspects were arrested and remanded by Muvattupuzha police., Investigation ongoing regarding potential drug use and criminal history.
Published: 18 Jun 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented