മൂവാറ്റുപുഴ: രാത്രി ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയെ വഴിയിൽ തടഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അഞ്ചുയുവാക്കൾ അറസ്റ്റിൽ. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവല ഭാഗത്ത് തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്തുവീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടിഭാഗത്ത് ചാവാട്ടുവീട്ടിൽ ടോമി ഷാജി (19), ഹൈസ്കൂളിനുസമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽവീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. പാലാ സ്വദേശിനിയായ യുവതി ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. കുഞ്ഞിന് പനിയാണെന്നറിഞ്ഞാണ് രാത്രി 11.30-ന് ബസ് പിടിക്കാനായി ഇവർ സ്റ്റാൻഡിലേക്ക് പോയത്. പിറവം റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള എം.സി. റോഡിലെ പ്രധാന ജങ്ഷന് അടുത്തെത്തിയപ്പോൾ ബൈക്കുകളിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശം പരാമർശങ്ങളോടെ സമീപിക്കുകയും ചെയ്തു. ഓടിരക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്കിടിപ്പിക്കാനും ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിച്ചു.
അപകടം മനസ്സിലാക്കിയ യുവതി പിറവം റോഡിലേക്കു തന്നെ തിരിഞ്ഞോടി. ഇതിനിടെ പിറവം ഭാഗത്ത് നിന്നെത്തിയ ബൈക്കിന് കൈകാണിച്ചു. ബൈക്കിലെത്തിയ ആരക്കുഴ സ്വദേശി അമൽ ഇവരെ തന്റെ ബൈക്കിൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇതുകണ്ട് ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയെത്തിയ വലിയ വണ്ടി ബസാണെന്ന് വിചാരിച്ച് കൈകാണിച്ചു. നിർത്തിയപ്പോഴാണ് ഇതരസംസ്ഥാനത്തൊഴിലാളി ഓടിക്കുന്ന ടോറസ് ലോറിയാണെന്നറിയുന്നത്. ഇതോടെ അമലും ഒപ്പം കയറി.
അപകടസാഹചര്യം മനസ്സിലാക്കിയ ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ വണ്ടി പിറവത്തേക്ക് അതിവേഗം ഓടിച്ചു. മാരകായുധങ്ങളുമായി ബൈക്കുകളിൽ യുവാക്കൾ പിന്തുടർന്നു. ഇതിനിടെ യുവതി ഫോണിൽ മൂവാറ്റുപുഴ പോലീസിൽ വിവരം അറിയിച്ചു. ടോറസ് പിറവം ടൗണിലെ പോസ്റ്റ് ഓഫീസ് ജങ്ഷനിലെത്തിയപ്പോഴേക്കും പിറവത്തുനിന്നുള്ള പോലീസെത്തി. മൂവാറ്റുപുഴ പോലീസും ടോറസ്സിനെ പിന്തുടർന്നെത്തി. പോലീസിനെ കണ്ടതോടെ യുവാക്കൾ കടന്നുകളഞ്ഞു.
ഇവരെത്തിയ ബൈക്കുകളുടെ നമ്പർ യുവതി പോലീസിന് കൈമാറി. യുവതിയെ സുരക്ഷിതയാക്കിയശേഷം ഉടൻ അന്വേഷണം തുടങ്ങിയ പോലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി. പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പ്രതികൾ ബൈക്കിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. രാത്രിതന്നെ പാലായിൽനിന്ന് യുവതിയുടെ ഭർത്താവും എത്തി. രാമമംഗലം ഭാഗത്തേക്കാണ് പോകേണ്ടിയിരുന്നതെങ്കിലും പ്രധാനവഴിയിൽനിന്ന് തിരിയുന്നത് അപകടമാകുമെന്ന് മനസ്സിലാക്കിയ ടോറസ് ഡ്രൈവർ പ്രധാന റോഡിലൂടെ പിറവത്തേക്ക് വണ്ടിവിട്ടത് സഹായമായി.
ആഴ്ചയിൽ നാലുദിവസം വീട്ടിൽപോയിരുന്ന യുവതി പലപ്പോഴും രാത്രിയിൽ നടന്നുപോകുന്നത് പ്രതികൾ ശ്രദ്ധിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭരണകക്ഷിയിൽ പെട്ട പ്രാദേശിക വനിതാനേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടതോടെ കേസൊതുക്കാൻ സമ്മർദമുണ്ടായതായി സൂചനയുണ്ട്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നതോടെ പോലീസ് കൃത്യമായ നടപടികളുമായി മുന്നോട്ടുപോയി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രഹാം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസന്വേഷിച്ചത്.
Content Highlights: Five men arrested in Muvattupuzha for attempting to abduct a woman and chasing her for 15km.
Published: 17 Jun 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented