തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനുമുന്നിൽ ഓണാഘോഷം നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ആറ് പോലീസുദ്യോഗസ്ഥരെ ആംഡ് റിസർവ് ക്യാമ്പിലേക്ക് മാറ്റി. ആഘോഷദിവസം ജി.ഡി. ഡ്യൂട്ടിയിലുണ്ടായിരുന്ന അജു, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യ, അസിസ്റ്റൻറ്‌ െറെറ്റർ സുധീഷ്, പ്രോസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനീഷ്, പോലീസുകാരായ അരുൺ, രതീഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

To advertise here,

ഇവർക്കെതിരായ വകുപ്പുതല അന്വേഷണം തുടരും. എസ്.എച്ച്.ഒ. ആർ. പ്രശാന്തിനെതിരേ സ്വീകരിക്കേണ്ട നടപടി ഐ.ജി. തലത്തിൽ തീരുമാനിക്കും. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രശാന്തിനെ നേരത്തേ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.

പ്രതികൾ ജാമ്യവ്യവസ്ഥ പാലിക്കുന്നതിനായി സ്റ്റേഷനിലെത്തിയപ്പോൾ ഒപ്പിട്ടശേഷം ഉടൻ മടങ്ങാൻ ആവശ്യപ്പെടേണ്ടതായിരുന്നു. എന്നാൽ, അതുചെയ്യാതെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോലീസ് അനുവദിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

അതേസമയം, കേസിലെ ഒന്നാംപ്രതി നിതിൻ രാജ്, 16-ാം പ്രതിയും സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജി ശനിയാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) പരിഗണിക്കും.

സ്റ്റേഷനു മുന്നിലെ ഓണാഘോഷത്തിൽ പോലീസിന് പങ്കുണ്ടായിരുന്നോ, ഉദ്യോഗസ്ഥർ സൗകര്യമൊരുക്കിയോ, പ്രതികളുമായി എന്തെങ്കിലും ധാരണയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഡി.സി.പി. വിശദമായ അന്വേഷണം നടത്തും.

സാമൂഹികമാധ്യമങ്ങളിൽ ആഘോഷങ്ങളുടെ ദൃശ്യം പ്രചരിച്ചതിനെത്തുടർന്ന് എ.ഡി.ജി.പി. പി. വിജയനാണ് അന്വേഷണത്തിനുത്തരവിട്ടത്. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച സ്പെഷ്യൽ ബ്രാഞ്ചും പോലീസിന്റെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.