കടുത്തുരുത്തി: വീട്ടിൽ മദ്യപിച്ച് കലഹം, പക്ഷേ മദ്യമില്ലാത്ത സമയത്ത് നാട്ടുകാർക്ക് പ്രിയങ്കരൻ.. കൊലപാതക കേസിൽ പ്രതിയായശേഷം 39 വർഷം ഒളിവിൽകഴിഞ്ഞ രാജനെന്ന മോഹനൻ പിള്ളയുടെ ജീവിതം ഇങ്ങനെയായിരുന്നു. ആ നാടകത്തിന് തിരശീല വീഴ്ത്തിയത് കല്ലറ എ.എസ്.ഐ. അനീഷിന്റെ നിരന്തര നിരീക്ഷണം.

To advertise here,

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറും എ.എസ്.ഐ.യുമായ ടി.വി.പുരം ഇടായിൽ ഇ.എ. അനീഷിന്റെ മനസ്സിൽ തോന്നിയ സംശയങ്ങളാണ് ഒടുവിൽ അറസ്റ്റിൽ എത്തിയത്. സഹോദരി ഭർത്താവായ ചന്ദ്രശേഖരൻപിള്ളയെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ കേസിലെ പ്രതി കൊല്ലം ജില്ലയിലെ വെളിയം കോടിയാട്ട് വീട്ടിൽ മോഹനൻപിള്ള (64) ആണ് പോലീസ് പിടിയിലായത്.

കല്ലറയ്ക്ക് സമീപം രാജൻ എന്നപേരിൽ വർഷങ്ങളായി താമസിക്കുകയായിരുന്നു മോഹനൻപിള്ള. 37 വർഷം മുമ്പാണ് മോഹനൻപിള്ള കല്ലറയിലെത്തുന്നത്. ഇവിടെയുള്ളൊരു വീട്ടിലെ സ്ത്രീയെ വിവാഹവും കഴിച്ചു. പല ജോലികൾ ചെയ്ത് പോരുകയായിരുന്നു.

കല്ലറ കളമ്പുകാടിന് സമീപം തറേപ്പാടത്തുള്ള വീട്ടിൽ കുടുംബമായി താമസിച്ചിരുന്ന രാജൻ മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. 2026 ജനുവരി 24-നാണ് കല്ലറ പോലീസ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. വഴക്ക് മൂർച്ചിക്കുന്ന സമയത്ത് ഇയാളുടെ ഭാര്യ കല്ലറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കും. രണ്ട് പ്രാവശ്യവും അന്വേഷിക്കാൻ പോയത് ബീറ്റ് ഓഫീസറായ അനീഷായിരുന്നു.

പോലീസിനെ കാണുമ്പോൾ ഇയാൾ മദ്യലഹരിയിലാണെങ്കിലും വലിയ ബഹുമാനത്തോടെ പെരുമാറും. ഇയാളെക്കുറിച്ച് നാട്ടുകാരോടും ഇടക്കിടെ അനീഷ് തിരക്കുന്നുണ്ടായിരുന്നു. ഏതാനും ദിവസംമുമ്പ് വീണ്ടും ബഹളംവെക്കുന്ന സമയത്ത് ഭാര്യ വിളിച്ച് പരാതിപ്പെട്ടപ്പോൾ പോയതും അനീഷായിരുന്നു.

"ഇതിയാൻ നന്നാവില്ല സാറേ.. ഈ കാണുന്ന ആളൊന്നുമല്ല. കുത്തുകേസിലെ പ്രതിയാ ഇയാൾ.." എന്നായി ഭാര്യയുടെ രോഷപ്രകടനം. എല്ലാം പൊളിഞ്ഞു വീണ നിമിഷം. എവിടെവെച്ചാ കേസുണ്ടായതെന്ന ചോദ്യത്തിന് വെളിയം പോലീസ് സ്‌റ്റേഷനിലാ കേസെന്നും ഇയാളുടെ പേര് മോഹനൻപിള്ള എന്നാണെന്നും രാജന്റെ ഭാര്യ പറഞ്ഞു.

തിരികെ പോലീസ് സ്‌റ്റേഷനിലെത്തിയ അനീഷ് എസ്.എച്ച്.ഒ. കെ.പി. ധനപാലനോട് ഈ വിവരം പറഞ്ഞു. എസ്.എച്ച്.ഒ. ഉടൻതന്നെ വെളിയം പ്രദേശം ഉൾപ്പെടുന്ന പൂയപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കല്ലറ പോലീസ് സംഘം പ്രതിയെ ക്‌സറ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ രാജനല്ല താനെന്നും മോഹനൻപിള്ളയെന്നാണ് തന്റെ പേരെന്നും കൊലപാതക കേസിലെ പ്രതിയാണെന്നും പോലീസിനോട് സമ്മതിച്ചു.