മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ പ്രമോദ് മഹാജനെ അനുജന് പ്രവീണ്‍ മഹാജന് 2006-ല്‍ കൊലപ്പെടുത്തിയത് മുംബൈ നഗരം ഞെട്ടലോടെയാണ് കേട്ടത്. ജ്യേഷ്ഠനെ ഇല്ലാതാക്കിയതിനുപിന്നിലെ കാര്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയെ പിടിച്ചുകുലുക്കിയ ബാബാ സിദ്ദിഖിയുടെ കൊലപാതകവും.
മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ഗുണ്ടകള്‍ ഇവിടത്തെ ശാന്തത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് മുംബൈ പോലീസ് മുന്‍കമ്മിഷണര്‍ എം.എന്‍. സിങ് പറഞ്ഞു.
കൃഷ്ണദേശായിയില്നിന്ന്
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രബലനായ കൃഷ്ണദേശായിയെ ഇല്ലാതാക്കിയാണ് പരേല്‍ മേഖലയില്‍ ശിവസേന ആധിപത്യം ഉറപ്പിക്കുന്നത്.
നഗരത്തിലെ തൊഴില്പ്രസ്ഥാനങ്ങളില്, പ്രത്യേകിച്ച് ടെക്സ്റ്റൈല്‍ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ജനപ്രിയനേതാവിനെയാണ് 1970 ജൂണ്‍ അഞ്ചിന് ക്രൂരമായി കൊലപ്പെടുത്തിയത്. പരേലിന്റെ എം.എല്‍.എ.യായിരുന്നു. ദേശായിയുടെ കൊലപാതകം മുംബൈനഗരത്തിലെ കമ്യൂണിസ്റ്റ് ആധിപത്യത്തിന്റെ തകര്‍ച്ചയുടെ തുടക്കവുമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശിവസേന രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവന്നു.
അധോലോക തേര്‍വാഴ്ച
1980-കള്‍മുതല്‍ 2000 വരെയാണ് മുംബൈനഗരം അധോലോകത്തിന്റെ ആധിപത്യത്തില്‍ അമര്‍ന്നത്. 1993 ജൂണില്‍ ബി.ജെ.പി. നേതാവായിരുന്ന പ്രേംകുമാര്‍ ശര്‍മ വെടിയേറ്റുമരിച്ചതാണ് അധോലോകം സജീവമായ ആദ്യ കൊലപാതകം. ഗ്രാന്‍ഡ് റോഡിലെ റസ്റ്ററന്റിന് പുറത്തായിരുന്നു കൊലപാതകം.
മനോജ് ഗുപ്തയും എ. സയ്യിദും ചേര്‍ന്നാണ് വെടിവെച്ചുകൊന്നത്. കുപ്രസിദ്ധ അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഇജാസ് പഠാനാണ് അക്രമികളെ ഏര്‍പ്പെടുത്തിയത്. സയ്യിദ് പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചു. ഗുപ്തയെ ശിക്ഷിച്ചു.
മറ്റൊരു ബി.ജെ.പി. നേതാവായിരുന്ന രാംദാസ് നായക്കിനെ ദാവൂദിന്റെ സംഘങ്ങള്‍ വെടിവെച്ചുകൊന്നത് 1994 ഓഗസ്റ്റ് 25-ന്. 1990-കളില്‍ അധോലോകം മുംബൈ രാഷ്ട്രീയത്തിലും ബിസിനസിലും എത്രത്തോളം നുഴഞ്ഞുകയറിയെന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ കൊലപാതകം. രണ്ടായിരത്തില്‍ അവസാനിച്ച മുംബൈ അധോലോകപ്രവര്‍ത്തനം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും സജീവമാകുന്നുവോ എന്ന ആശങ്ക പ്രകടിപ്പിച്ചത് രാംദാസ് നായക്കിന്റെ അടുത്തസുഹൃത്തും മുന്‍ മുംബൈ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണറായിരുന്ന മലയാളി വി. ബാലചന്ദ്രനാണ്.
ദത്താസാമന്തിന്റെ കൊലപാതകം
മുംബൈയിലെ തുണിവ്യവസായത്തില്‍ സ്വാധീനമുള്ള ട്രേഡ് യൂണിയന് നേതാവായിരുന്നു ദത്താ സാമന്ത്. 1982-ല്‍ മുംബൈയില്‍നടന്ന ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളികളുടെ പണിമുടക്കിലൂടെ ദത്ത ശ്രദ്ധനേടി. 2,50,000-ത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കുകയും ഒരുവര്‍ഷത്തിലേറെ നീളുകയും ചെയ്തു. പണിമുടക്ക് പരാജയത്തില്‍ അവസാനിച്ചു. ഒട്ടേറെ മില്ലുകള്‍ അടച്ചുപൂട്ടി. മില്ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയ കൈയടക്കുന്നതും അധോലോകം ഇതിന്റെ ഭാഗമാകുന്നതും ഇതോടെയാണ്. 1997 ജനുവരി 16-ന് പവായിയിലെ വസതിക്കു പുറത്താണ് സാമന്ത് വധിക്കപ്പെടുന്നത്. ദാവൂദ് സംഘാംഗങ്ങള്‍ നിയന്ത്രിച്ചിരുന്ന മുംബൈ അധോലോകം ഛോട്ടാരാജന് സംഘങ്ങളുടെ ആധിപത്യത്തിലായതും ഈ കൊലപാതകത്തോടെയാണ്.
മുംബൈയെ ഞെട്ടിച്ച ഗുല്‍ഷന്‍ കുമാര്‍, ജെ ഡെ വധം
പ്രമുഖരായ പലരും അധോലോകത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായി. ടി. സീരീസിന്റെ സ്ഥാപകനായ ഗുല്‍ഷന്‍ കുമാര്‍ 1997-ല്‍ അന്ധേരിയിലെ ക്ഷേത്രത്തിനുപുറത്ത് കൊല്ലപ്പെട്ടു. അബുസലിമും ഡി-കമ്പനിയുമാണ് കൊലപാതകം ആസൂത്രണംചെയ്തത്. 1995-ല്‍ പ്രമുഖ കെട്ടിടനിര്‍മാതാവായ പ്രദീപ് ജെയിനെ അബു സലിമും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. 1993-ല്‍ ബോളിവുഡ് നടന് ഗുല്‍ഷന്‍ ഗ്രോവര്‍ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
അന്വേഷണാത്മക വാര്‍ത്തകളിലൂടെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു ജ്യോതിര്‍മയ് ഡേയെന്ന ജെ ഡെ. ഛോട്ടാ രാജന്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ കുപ്രസിദ്ധ കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയതുള്പ്പെടെ മുംബൈ അധോലോകത്തെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്തകള്‍. 2011 -ല്‍ വസതിക്ക് സമീപത്ത് ജെ ഡെയെ ഛോട്ടാരാജന് സംഘാംഗങ്ങള്‍ കൊലപ്പെടുത്തി. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട കക്ഷികളെ പ്രതിനിധാനംചെയ്ത ഷാഹിദ് അസ്മിയെ വധിച്ചതിലൂടെ രവിപൂജാരി സംഘത്തിന്റെ സാന്നിധ്യവും വെളിപ്പെട്ടു.
Content Highlights: Mumbai`s Underworld: A History of Violence and Power
Published: 16 Oct 2024, 07:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented