മുന്‍പ് അധോലോകസംഘാംഗങ്ങളെയും അവരുടെ കൂട്ടാളികളെയും മുംബൈ പോലീസിന് കൈവെള്ളയിലെ രേഖപോലെ അറിയാമായിരുന്നു. വിവരങ്ങള്‍ നല്‍കിയിരുന്ന 'മുഖ്ബീര്‍' എന്നപേരുള്ള വിവരദാതാക്കളുടെ എണ്ണം കുറഞ്ഞതാണ് ബാബാ സിദ്ദിഖിയുടെ വധത്തിലേക്ക് നയിച്ചതെന്ന് മുംബൈ പോലീസിന്റെ ക്രമസമാധാനച്ചുമതലയുള്ള അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പറയുന്നു.

To advertise here,

ബ്രിട്ടീഷ് ഭരണകാലംമുതല്‍ മുംബൈ അധോലോകത്തിന് ആഴത്തിലുള്ള വേരുകളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, കരീം ലാല, ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍ തുടങ്ങിയവര്‍ കള്ളക്കടത്ത്, ചൂതാട്ടം എന്നിവയിലൂടെയാണ് പ്രാമുഖ്യം നേടിയത്.

1990-കളുടെ തുടക്കത്തില്‍ സാമ്പത്തിക ഉദാരീകരണത്തോടെ കള്ളക്കടത്ത് ലാഭകരമല്ലാതായി. അധോലോകത്തിന്റെ ചലനാത്മകത നിലച്ചു. റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര മേഖല, ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കല്‍ എന്നിവയിലേക്ക് വൈവിധ്യവത്കരിക്കപ്പെട്ടു. 1993-ലെ മുംബൈ സ്‌ഫോടനങ്ങള്‍ അധോലോകത്തിന് നിര്‍ണായക വഴിത്തിരിവായി മാറി. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വര്‍ഗീയകലാപങ്ങള്‍ക്കും പ്രതികാരമായി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി നടത്തിയ സ്‌ഫോടനങ്ങള്‍ അന്താരാഷ്ട്ര ഭീകരരുമായി അധോലോകശൃംഖലകള്‍ എത്ര ആഴത്തില്‍ വേരൂന്നിയതാണെന്നു തെളിയിച്ചു.

1999-ലെ മക്കോക്ക പ്രകാരം വര്‍ധിച്ച പോലീസ് അടിച്ചമര്‍ത്തലുകള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വര്‍ധന പല പഴയസംഘങ്ങളെയും ഇല്ലാതാക്കി.

മുംബൈയിലെ കെട്ടിടനിര്‍മാണം, ചേരി പുനരധിവാസം, ഭൂമി ഇടപാടുകളിലേക്ക് മറ്റൊരു രൂപം തുറന്നു. സംശയാസ്പദമായ സ്വത്തിടപാടുകളും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളും ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ സാധാരണമായി. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഇത്തരം കാര്യങ്ങള്‍ക്കുനേരേ കണ്ണടച്ചു. അവര്‍ക്കൊപ്പം പല കേസുകളിലും പങ്കാളികളായി. ദാവൂദ് ഇബ്രാഹിം മുംബൈ വിട്ട് കറാച്ചിയില്‍ ചേക്കേറിയതോടെ മുംബൈ ഇടപാടുകള്‍, സ്വത്തു തര്‍ക്കങ്ങള്‍ എന്നിവ സഹോദരി ഹസീനാ പാര്‍ക്കറും സഹോദരന്‍ ഇബ്രാഹിം കസ്‌കറുമാണ് നിയന്ത്രിച്ചത്.

രാഷ്ട്രീയബന്ധം

അധോലോകത്തിന് രാഷ്ട്രീയവുമായി ശക്തമായ ബന്ധമുണ്ട്. ഹാജി മസ്താനെപ്പോലുള്ളവര്‍ക്ക് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനെയും നയപരമായ തീരുമാനങ്ങളെയും സ്വാധീനിക്കാന്‍ അവരുടെ സാമ്പത്തികശക്തി ഉപയോഗിച്ചു. ചേരികള്‍ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ സംരംഭമായ മുംബൈയിലെ ചേരി പുനരധിവാസ പദ്ധതികള്‍ രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുകയും ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള ഫലഭൂയിഷ്ഠമായ മേഖലയാക്കി മാറ്റുകയും ചെയ്തു.

ഹാക്കിങ്

അധോലോകത്തെ ക്രിമിനല്‍ സംരംഭങ്ങളുടെ കേന്ദ്ര ഉപകരണമായി ഹാക്കിങ് മാറി. സാമ്പത്തിക സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, പൗരര്‍ എന്നിവരെപ്പോലും ലക്ഷ്യമിട്ട് വലിയതോതിലുള്ള ഡേറ്റാ ലംഘനങ്ങള്‍ നടത്താന്‍ ഈ സംഘങ്ങള്‍ വിദഗ്ധരായ ഹാക്കര്‍മാരെ ഉപയോഗിക്കുന്നു.

വിനോദ വ്യവസായത്തിലെ സ്വാധീനം

ബോളിവുഡില്‍ അധോലോകത്തിന്റെ സ്വാധീനം ശക്തമാണെന്നത് പരസ്യമായ രഹസ്യമാണ്. 1990-കള്‍മുതല്‍ ഗുണ്ടാസംഘങ്ങള്‍ ബോളിവുഡില്‍ നിക്ഷേപം നടത്തുകയും ഈ വ്യവസായത്തെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അധോലോക സഹായധനത്തില്‍നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ നിര്‍ദേശപ്രകാരം ചില അഭിനേതാക്കളെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുകയും മറ്റും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.

മയക്കുമരുന്നും മനുഷ്യക്കടത്തും

മുംബൈ അധോലോകം വികസിച്ച മറ്റൊരുമേഖല മയക്കുമരുന്നു വ്യാപാരമാണ്. അഫ്ഗാനിസ്താനില്‍നിന്നും പാകിസ്താനില്‍നിന്നും ഇന്ത്യയിലേക്കെത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഗതാഗതകേന്ദ്രമാണ് മുംബൈ. മയക്കുമരുന്നു വ്യാപാരത്തിന് മനുഷ്യക്കടത്തുമായി അടുത്ത ബന്ധവുമുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നും സ്ത്രീകളെയും കുട്ടികളെയും കടത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും അല്ലെങ്കില്‍ മയക്കുമരുന്ന് കടത്താനുള്ള 'കരിയറായി' ഉപയോഗിക്കുകയും ചെയ്യുന്നു.

ചോരയോട് വിട

അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ സാമ്പത്തിക കുറ്റകൃത്യങ്ങളിലാണ് അധോലോകം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, സാമ്പത്തികത്തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അധോലോകത്തിന്റെ ഭൂതകാലത്തിന്റെ കൂടുതല്‍ അക്രമാസക്തമായ പ്രതിച്ഛായയില്‍നിന്ന് സ്വയം അകന്നുനില്‍ക്കുകയും ചെയ്യുന്നു.