മുംബൈ: മുബൈ വോർളിയിൽ അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാർ ഇടിച്ച് യുവതി മരിച്ചു. ശിവസേന ഷിന്ദെ വിഭാഗം നേതാവിന്റെ മകനാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. കാർ ഉടമയും ശിവസേന ഷിന്ദെ വിഭാഗം പ്രാദേശിക നേതാവുമായ രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് കാർ ഓടിച്ചിരുന്നെന്ന് കരുതുന്ന ഇയാളുടെ മകൻ മിഹിർ ഷാ ഒളിവിലാണ്. ഇയാൾ മദ്യപിച്ച് വാഹനമോടിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂൺ ഡോക്കിൽനിന്ന് മത്സ്യവും വാങ്ങി തിരികെ പോകും വഴി കോലിവാഡയിൽ വെച്ചായിരുന്നു അപകടത്തിൽപെടുന്നത്. അമിത വേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉടൻ തന്നെ പ്രദീപ് നഖാവ് ബൈക്കിൽനിന്ന് ചാടിയിറങ്ങി. എന്നാൽ കൈയിൽ അമിതഭാരം ഉണ്ടായിരുന്നതിനാല്‍ കാവേരിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഉടൻ തന്നെ കാവേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ശിവസേന ഷിന്ദെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ആയിരുന്നു ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഇയാൾ അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു.
ജുഹുവിലെ ബാറിൽനിന്ന് മദ്യപിച്ച ശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്നു മിഹിർ ഷാ. വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിലും അയാളെ മാറ്റി മിഹിർ ഷാ കാർ ഓടിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയരുന്നുണ്ട്. പ്രതിയെ ശിവസേനയുമായി ബന്ധിപ്പിക്കുന്ന സ്റ്റിക്കർ കാറിൽനിന്ന് പറിച്ചു കളയാൻ ശ്രമിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ഒന്ന് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിസിടിവി അടക്കം പോലീസ് പരിശോധിക്കുകയായിരുന്നു.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നില്ലെന്നും ആരാണോ അപകടത്തിന് പിന്നിൽ അവരെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കി ശിവസേന (യു.ബി.ടി.) വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. അപകടത്തിനിരയായ പ്രദീപ് നഖാവിനെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പ്രതി ഏത് പാർട്ടിക്കാരനാണ് എന്നത് വിഷയമല്ലെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയും പ്രതികരിച്ചു.
Content Highlights: mumbai bmw car accident woman death shivsena shinde faction leader son
Published: 07 Jul 2024, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented