
മുംബൈ: ആഡംബരക്കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായെ പോലീസ് പിടികൂടിയത് 72 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ മിഹിര്‍ ഷായ്ക്കായി മുംബൈ പോലീസിന്റെ വിവിധ സംഘങ്ങളാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി തിരച്ചില്‍നടത്തിയത്. ഒടുവില്‍ ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈയ്ക്ക് സമീപം വിരാറില്‍നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
ശിവസേന ഷിന്ദേ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന് മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യൂ. കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്വ(45)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈ വര്‍ളിയിലായിരുന്നു അപകടം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കാവേരിയെയും ഭര്‍ത്താവ് പ്രദീപിനെയും അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാര്‍ ഇടിച്ചിടുകയായിരുന്നു. പിന്നാലെ കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങിക്കിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.
Also Read
സംഭവത്തിന് ശേഷം മിഹിറും കൂടെയുണ്ടായിരുന്ന ഡ്രൈവറും സ്ഥലത്തുനിന്ന് കാറുമായി കടന്നുകളഞ്ഞു. പിന്നീട് കല നഗറില്‍വെച്ച് മിഹിര്‍ കാറില്‍നിന്നിറങ്ങി ഒരു ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചത്. പിന്നാലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി. പെണ്‍സുഹൃത്ത് മിഹിറിന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് സഹോദരി ഇവിടെയെത്തി മിഹിറിനെയും സുഹൃത്തിനെയും ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ മിഹിറും കുടുംബാംഗങ്ങളും താനെയിലെ ഷാപൂരിലെ റിസോര്‍ട്ടിലേക്ക് കടന്നു. മിഹിറിനൊപ്പം അമ്മ മീന, സഹോദരിമാരായ കിഞ്ജാല്‍, പൂജ എന്നിവരും രണ്ട് സുഹൃത്തുക്കളുമാണ് റിസോര്‍ട്ടിലെത്തിയത്. ഒരു ഔഡി കാറിലായിരുന്നു കുടുംബത്തിന്റെ യാത്ര.
റിസോര്‍ട്ടില്‍ രഹസ്യമായി താമസിക്കുന്നതിനിടെ മിഹിറിനൊപ്പമുള്ള സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ഫലംകണ്ടില്ല. പിന്നാലെ തിങ്കളാഴ്ച വൈകീട്ടോടെ മിഹിറും ഇതേ സുഹൃത്തും ഷാപൂരിലെ റിസോര്‍ട്ടില്‍നിന്ന് വിരാറിലെത്തി. ഈ സമയം സുഹൃത്ത് മൊബൈല്‍ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഏകദേശം 15 മിനിറ്റോളം സമയം ഇയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ഈ സമയംകൊണ്ട് ഇവരുടെ ടവര്‍ ലൊക്കേഷന്‍ പോലീസ് കണ്ടെത്തി. തൊട്ടുപിന്നാലെ പോലീസ് സംഘം ഇവിടേക്ക് കുതിച്ചെത്തുകയും മിഹിറിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Content Highlights: mumbai bmw car accident how police tracked down accused mihir shah
Published: 10 Jul 2024, 01:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented