മുംബൈ: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മാലേഗാവ് കോടതിയാണ് പ്രതി വിജയ് ഖൈർനാറിന് വധശിക്ഷ വിധിച്ചത്. 2025 നവംബർ 16-ന് നാസിക് ജില്ലയിലെ ഡോംഗ്രാലെ ഗ്രാമത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

To advertise here,

കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് പരമാവധി ശിക്ഷ നൽകുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ക്രൂരതയും പ്രതിയുടെ പങ്കുതെളിയിക്കുന്ന സാഹചര്യത്തെളിവുകളും പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം പറഞ്ഞു.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു. 225 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. പ്രതിയുടെ ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവുനൽകാനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചില്ല.

വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൊബൈൽ ടവറിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. ചോക്ലേറ്റ് നൽകാമെന്നുപറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രദേശവാസിയും ദിവസവേതനത്തൊഴിലാളിയുമായ പ്രതിയെ സംഭവദിവസംതന്നെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിന് നേരിട്ടുള്ള ദൃക്‌സാക്ഷികളോ സി.സി.ടി.വി. ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും സാഹചര്യത്തെളിവുകൾ, ഡി.എൻ.എ. പരിശോധനാഫലം, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് അവതരിപ്പിച്ചത്.

2026 ജനുവരി 26-ന് കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ അതിവേഗകോടതിയിലാണ് നടന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ച കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.