ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മീററ്റിലെ ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവായ സാഖിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം ഭാര്യ ചോദ്യംചെയ്തതും ഇതേച്ചൊല്ലിയുണ്ടായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

To advertise here,

ഭാര്യയെ കൊലപ്പെടുത്തിയശേഷം മോഷണശ്രമത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിന് അനുകൂലമായി കള്ളമൊഴി നൽകാൻ മക്കളെ ഉൾപ്പെടെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന സാഖിബിനെ കണ്ട് നാട്ടുകാരും ഇയാൾ പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ, ഇയാളുടെ പരസ്പരവിരുദ്ധമായ മൊഴികളും സാഹചര്യത്തെളിവുകളും പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് പോലീസ് വിശദമായ പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഇയാൾ കുറ്റംസമ്മതിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് കൗസറിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. കറുത്തവസ്ത്രം ധരിച്ച ഒരാൾ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറിയെന്നും മോഷണശ്രമത്തിനിടെ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു സാഖിബിന്റെ മൊഴി. സംഭവസമയം മൂന്ന് പെൺമക്കളും വീട്ടിലുണ്ടായിരുന്നു. താൻ പറഞ്ഞ കഥ തന്നെ മറ്റുള്ളവരോടും പോലീസിനോടും പറയാൻ ഇവരെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിയുടെ കരച്ചിലും വിലാപവുമെല്ലാം വെറും നാടകമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് തെളിയിക്കുകയായിരുന്നു.

പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പേപ്പർ കട്ടറും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭാര്യ ഉറങ്ങുന്നതിനിടെയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

സാഖിബിന് ഏറെനാളായി മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ ഭാര്യ ചോദ്യംചെയ്തു. ഇതേച്ചൊല്ലി വഴക്കും പതിവായിരുന്നു. നേരത്തേ ഇയാൾ ഭാര്യയോട് ജീവനൊടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഇതിനായി ഭാര്യയിൽ സമ്മർദം ചെലുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

മൊബൈൽ ടവർ നിർമാണ ജോലികൾക്ക് പോകുന്ന പ്രതി രാത്രി സമയം റിക്ഷാ ഡ്രൈവറായും ജോലിചെയ്തിരുന്നു. അതേസമയം, മാതാവ് കൊല്ലപ്പെടുകയും പിതാവ് ജയിലിലാവുകയും ചെയ്തതോടെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കൾ തീർത്തും ഒറ്റപ്പെട്ടനിലയിലാണ്.