പാലക്കാട്: കഞ്ചാവിന് അടിമയായ മകനെത്തേടി ഒരുദിവസം പോലീസ് വരുമെന്ന് ഉറപ്പായിരുന്നു. അതുവരെ കാത്തിരിക്കാന്‍ വയ്യ. മകനെ നേര്‍വഴിക്കുനടത്താന്‍ ആ അച്ഛന്റെ മുന്നില്‍ മറ്റുവഴികളില്ലായിരുന്നു.
നിറകണ്ണുകളോടെ അയാള്‍ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് മകനെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുള്ളതിനാല്‍ പോലീസുകാര്‍ക്ക് വേഗംതന്നെ ആളെ മനസ്സിലായി. വീട്ടുകാരുടെ സ്‌നേഹവും പോലീസിന്റെ നിരന്തരമായ ഇടപെടലും ഫലം കണ്ടു. സ്ഥിരവരുമാനമുള്ള ജോലിയില്‍ കയറി നല്ലനടപ്പിലാണ് മകന്‍. ചിറ്റൂര്‍ വണ്ടിത്താവളം സ്വദേശിയായ അച്ഛന് ഇപ്പോഴും സമാധാനമായിട്ടില്ല. തങ്ങളറിയാതെ അവന്‍ വീണ്ടും ലഹരിയില്‍ചെന്നുപെടുമോ എന്നാണ് ആശങ്ക.
മറക്കില്ല ആ രാത്രി
''ഒന്നരവര്‍ഷംമുന്‍പാണ് ആ സംഭവം. രാത്രി എട്ടുമണികഴിഞ്ഞാല്‍ അവന്‍ വീട്ടില്‍നിന്നിറങ്ങി നടക്കും. 11 മണിയോടെ തിരിച്ചെത്തും. എനിക്കുറപ്പായിരുന്നു അവന്‍ കഞ്ചാവ് വാങ്ങാന്‍ പോകുകയാണെന്ന്. ഒരുദിവസം അവനറിയാതെ പിന്നാലെ ഞാനും നടന്നു-അച്ഛന്‍ പറഞ്ഞുതുടങ്ങി. വണ്ടിത്താവളത്തിനടുത്ത് ഒരു ചെറിയ കവലയിലാണ് യുവാവ് നടന്നെത്തിയത്. തെരുവുവിളക്കുപോലുമില്ലാത്ത ചുറ്റും കുറ്റിക്കാടുകളുള്ള പ്രദേശം. ഇരുട്ടത്ത് ദൂരെനിന്ന് മകനെപ്പോലും തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. അവന്‍ ആരെയോ കാത്തിരിക്കുകയാണ്. ഒന്‍പതരയോടെ ഒരാള്‍ ബൈക്കിലെത്തി. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല. അയാള്‍ കൈമാറുന്നത് കഞ്ചാവ് പൊതികളാണെന്ന് ഉറപ്പായതോടെ അവരുടെ അരികിലേക്ക് ഓടിയെത്തി. മകന്‍ അതിവേഗം കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
കഞ്ചാവ് വില്പനക്കാരന്‍ ബൈക്കുമായി അരികിലെത്തി അടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. മാറിനിന്നതിനാല്‍ കഷ്ടിച്ച് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ''ഇരുട്ടത്ത് ബൈക്കിന്റെ നമ്പര്‍ മനസ്സിലായില്ലെങ്കിലും ആ ബൈക്ക് കണ്ടാല്‍ തിരിച്ചറിയാം. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. ഇനിയൊരു രാത്രികൂടി അവര്‍ക്കുമുന്നില്‍പെട്ടാല്‍ എനിക്കെന്തെങ്കിലും സംഭവിക്കും''-അച്ഛന്‍ പറഞ്ഞുനിര്‍ത്തി.
പരിസരവാസികളുടെ ഇടപെടല്‍
മകന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടില്‍ പാട്ടായതോടെ അടുത്ത സുഹൃത്തുകള്‍ അവനോടുള്ള ബന്ധം കുറച്ചു. പ്രദേശത്തെ സന്നദ്ധസംഘടനകള്‍ക്കും അവനെ ഒപ്പം കൂട്ടാന്‍ പേടിയായി. മകന്‍ നന്നായി അധ്വാനിക്കും.
കൂലിപ്പണികള്‍ തേടിപ്പോകും. പക്ഷേ, പൈസയൊന്നും കൈയില്‍കാണില്ല. പണിയില്ലെങ്കില്‍ കഞ്ചാവ് വാങ്ങാനുള്ള പൈസയ്ക്കായി ആവലാതിപ്പെട്ട് ഓടിനടക്കും. ഇതിന്റെ പേരുപറഞ്ഞ് ഒരുദിവസം വീട്ടില്‍ വഴക്കായി. പോലീസിനും വിവരം നല്‍കി. പക്ഷേ, പോലീസ് വീട്ടുപടിക്കലെത്തിയതും അച്ഛനെയും അമ്മയെയും തട്ടിമാറ്റി മകന്‍ ഇറങ്ങിയോടി.
മകന്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് പരാതി പറഞ്ഞുതുടങ്ങി. പലരും അച്ഛനെ അറിയിച്ചുകൊണ്ടുതന്നെയായിരുന്നു പോലീസിനെ വിളിച്ചത്. ഒരുദിവസം മകനെ കൈയോടെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചു. കഞ്ചാവ് വില്പനക്കാരെയും വിതരണക്കാരെയുംകുറിച്ചെല്ലാം പോലീസ് ചോദിച്ചറിഞ്ഞു. ഇനി കഞ്ചാവ് ഉപയോഗിച്ചാല്‍ ജീവിതം പാഴാകുമെന്ന് ബോധവത്കരിച്ചു. ഡി അഡിക്ഷന്‍ സെന്ററില്‍ കൊണ്ടാക്കുമെന്ന് മുന്നറിയിപ്പുനല്‍കി. ഒപ്പം രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ യുവാവ് ഇപ്പോള്‍ നല്ലനടപ്പിലാണ്.
ഒറ്റപ്പെടുത്തരുത്
നാട്ടില്‍ ഒരാള്‍ കഞ്ചാവിനടിമപ്പെട്ടാല്‍ അവനോടൊപ്പം ആ വീട്ടുകാരെയും ഒറ്റപ്പെടുത്തരുത്. അവന്റെ അടുത്ത സുഹൃത്തുകളും ആ വഴിക്ക് പോകാനിടയുണ്ട്.
ഒരുലഹരിയും ഉപയോഗിക്കാത്തവരുടെ ജീവന്‍പോലും ചിലപ്പോള്‍ അപകടത്തിലാകും. നാട്ടില്‍ ഒരാള്‍ കുറ്റംചെയ്താല്‍ അവനും തന്റെ മകനെപ്പോലെയാണെന്നുകരുതി നല്ലവഴിക്കെത്തിക്കാന്‍ സമൂഹം കൂട്ടായി ശ്രമിക്കണം-തെറ്റിന്റെ വഴിയില്‍ പോയ മകന്റെ അച്ഛന്‍ പറയുന്നു.
Content Highlights: marijuana using in kerala palakkad
Published: 18 Mar 2025, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented