ഭുവനേശ്വർ: മലയാളി തലവനായ വൻ കഞ്ചാവ് സിൻഡിക്കേറ്റ് തകർത്ത് ഒഡിഷ പോലീസ്. ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവും നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് സിൻഡിക്കേറ്റിന്റെ അടിവേരറുത്തത്. കേരള പോലീസും സംസ്ഥാന എക്‌സൈസും തേടിക്കൊണ്ടിരുന്ന അലൻ ജയരാജാണ് ഒഡിഷ പോലീസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പം മൂന്ന് തിരുവനന്തപുരം സ്വദേശികളും പിടിയിലായി.

To advertise here,

ഒഡിഷയിലെ വനമേഖലയിലാണ് അലന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നത്. ഹെറോയിൻ ഉത്പാദനമടക്കം ഇവിടെ നടന്നിരുന്നതായും ഇവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിയിരുന്നതായും ഒഡിഷ പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഈ വനത്തിനുള്ളിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തുകയായിരുന്നു.

ജലാശയത്താൽ ചുറ്റപ്പെട്ട വനമേഖലയിൽ സാഹസികമായാണ് പോലീസ് എത്തിയത്. അലൻ രാജിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരൺ, ബിത്തു എന്നിവരും ഒഡിഷയിലെ സഹായികളായ രണ്ടുപേരും പിടിയിലായി. സ്ഥലത്തുനിന്ന് 300 കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

വനത്തിനുള്ളിൽ ഒരു ലാബ് ക്രമീകരിച്ചാണ് കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലായി വേർതിരിച്ചിരുന്നത്. ഇവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ രീതി. മാത്രമല്ല, ഉണങ്ങിയ കഞ്ചാവ് കെട്ടുകളടക്കം കേരളത്തിലേക്ക് കടത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസിന്റെ വിവരങ്ങൾ തേടി ഒഡിഷ പോലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ആ ഘട്ടത്തിലാണ് പിടിയിലായ അലൻ എക്‌സൈസിന്റെ അന്വേഷണപരിധിയിലുണ്ടായിരുന്നയാളാണെന്ന് മനസിലായത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സിൻഡിക്കേറ്റിന്റെ തലവൻ കൂടിയാണ് അലൻ.

വർഷങ്ങൾക്ക് മുൻപാണ് അലൻ ആന്ധ്ര-ഒഡിഷ മേഖലയിൽ തമ്പടിച്ചത്. കൊലക്കേസ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ പ്രവർത്തനം ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു. നക്‌സൽ സംഘത്തിന്റെ പിന്തുണ കുറഞ്ഞതോടെ ഒഡിഷ വനത്തിലേക്ക് മാറി. കേരളത്തിലേക്ക് കിലോ കണക്കിന് കഞ്ചാവാണ് ഇയാൾ കടത്തിവിടുന്നത്.