
ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ഇസ്രയേലിലാണ്.
കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്.
സംഭവസമയത്ത് അനില്‍കുമാര്‍ നാട്ടിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. അതിനാല്‍ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാന്‍ ഇയാള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം.
2009 ഡിസംബറിലെ ആദ്യ ആഴ്ച പെരുമ്പുഴ പാലത്തിന് മുകളില്‍ കാറില്‍വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താനായി പെരുമ്പുഴ പാലം തിരഞ്ഞെടുത്തത് മൃതദേഹം ആറ്റില്‍ തള്ളുകയെന്ന പദ്ധതിയനുസരിച്ചാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പ്രതികള്‍ പദ്ധതി മാറ്റുകയായിരുന്നു.
കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്‌തെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്. എന്നാല്‍, അസ്ഥികളോ തലയോട്ടിയോ ഇവിടെനിന്ന് കണ്ടെടുക്കാനായില്ലെന്നാണ് സൂചന. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കേസായതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പലയിടങ്ങളിലും പരിശോധന നടത്തേണ്ടിവരുമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
ആകെ നാലുപ്രതികള്‍, എല്ലാവരും ബന്ധുക്കള്‍
കലയുടെ ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനിലാണ് കേസിലെ ഒന്നാംപ്രതി. ഇപ്പോള്‍ അറസ്റ്റിലായ ബാക്കി മൂന്ന് പ്രതികളും ഇയാളുടെ ബന്ധുക്കളാണ്.
രണ്ടാംപ്രതി ജില്‍ ഭവനത്തില്‍ ജിനുവും നാലാംപ്രതി കണ്ണമ്പള്ളില്‍ പ്രമോദും അനിലിന്റെ അച്ഛന്റെ അമ്മയുടെ സഹോദരിമാരുടെ മക്കളാണ്. മൂന്നാംപ്രതി കണ്ണമ്പള്ളില്‍ സോമരാജന്‍ അനിലിന്റെ ഏക സഹോദരിയുടെ ഭര്‍ത്താവാണ്. അനിലും ജിനുവും നേരത്തേ ഒരുമിച്ച് കെട്ടിടനിര്‍മാണ കരാര്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നീട് ഇരുവരും വെവ്വേറെ കരാറുകാരായി. പ്രമോദ് ഡ്രൈവര്‍ജോലിയുള്‍പ്പെടെ പല തൊഴിലുകളും ചെയ്യുന്നയാളാണ്. ഭാര്യയുടെ വീട് ആക്രമിച്ചതിന്റെ പേരില്‍ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. സോമന്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയാണ്.
Content Highlights: mannar kala murder case police suspects drishyam model move
Published: 04 Jul 2024, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented