തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിനെതിരായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിസിപിയുടെ റിപ്പോർട്ട്. പോലീസ് രാത്രിതന്നെ മണിയൻപിള്ളരാജുവിന്റെ വീട്ടിലെത്തി. എന്നാൽ, ഈ സമയം കാറും രാജുവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസിനെ വിളിച്ചുവെന്ന് രാജുവിന്‍റെ വാദം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

അപകടം നടന്ന ഉടൻതന്നെ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. ആരാണ് വാഹനം ഓടിച്ചത് എന്നും ആരുടെ പേരിലാണ് വാഹനം എന്നും പോലീസ് ചോദിച്ചറിഞ്ഞിരുന്നു. ഈ സമയം വാഹനവും നടനും വീട്ടിൽ ഉണ്ടായിരുന്നില്ല. പോലീസ് രണ്ടു തവണ ഇത്തരത്തിൽ എത്തിയപ്പോഴും വീട്ടിൽ ഉണ്ടായിരുന്നില്ല.

ബൈക്കിൽ കാറിടിച്ചതിന് പിന്നാലെ മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയിരുന്നു. പിന്നീട് പിറ്റേദിവസം രാവിലെയാണ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻതന്നെയാണെന്നും ഭയംകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നുമായിരുന്നു അന്ന് മണിയൻ പിള്ള രാജു പറഞ്ഞത്. കൂടാതെ, രാത്രിതന്നെ താൻ പോലീസിനെ വിളിച്ചിരുന്നെന്നും രാത്രിയിൽ വരാൻ ബുദ്ധിമുട്ടുണ്ടെന്നും പിറ്റേദിവസം രാവിലെ വരാമെന്ന് അറിയിച്ചെന്നും മണിയൻ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

പോലീസിൽ വിളിച്ചറിയിച്ചത് മണിയൻപിള്ള രാജുവല്ല, പ്രദേശത്തുണ്ടായിരുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് ഇവിടേക്ക് എത്തുന്നത്. രാവിലെ ഒൻപത് മണിക്ക് അദ്ദേഹം ഹാജരായിരുന്നില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കൽ നടപടികളിലേക്ക് കടക്കാനുള്ള തീരുമാനമായിരുന്നു പോലീസിന്റേത്. ഒരുതരത്തിലുള്ള വീഴ്ചയും പോലീസിന് സംഭവിച്ചിട്ടില്ലെന്നാണ് ഡിസിപിയുടെ റിപ്പോർട്ടിൽ പറയുന്നത്.