ന്യൂഡല്‍ഹി:  വ്യാജരേഖകള്‍ ചമച്ച് 200 കോടിയോളം രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമം. ഡല്‍ഹി ചാണക്യപുരിയില്‍ മൗറീഷ്യസ് ഹൈക്കമ്മീഷന് അനുവദിച്ച ഭൂമിയാണ് വ്യാജരേഖകള്‍ ചമച്ച് മറ്റൊരാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞമാസം ന്യൂഡല്‍ഹി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളാണ് വ്യാജരേഖകള്‍ നല്‍കി ഭൂമി സ്വന്തം പേരിലാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ വിശദീകരണം തേടുകയും സംഭവം തട്ടിപ്പാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

To advertise here,

തിലക് സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞമാസം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനെത്തിയത്. ഭൂമി കൈമാറ്റത്തിനായി ഡല്‍ഹി ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസില്‍നിന്നുള്ള രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് ഇതില്‍ സംശയമുണ്ടായി. ഇയാളോട് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് രേഖകളുടെ കൃത്യത ഉറപ്പുവരുത്താനായി മേയ് 17-ന് സബ് രജിസ്ട്രാര്‍ ഓഫീസര്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് കത്തെഴുത്തി.  പക്ഷേ, തിലക് സിങ് കൊണ്ടുവന്ന രേഖകളും ആധാരവും കൃത്യമാണെന്നും ഭൂമി രജിസ്റ്റര്‍ ചെയ്തുനല്‍കണമെന്നുമായിരുന്നു മറുപടി ലഭിച്ചത്. എന്നാല്‍, ഈ കത്തും വ്യാജമായി നിര്‍മിച്ചതാണെന്നും ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസറുടെ പേരില്‍ വ്യാജമായി ചമച്ച് രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ചതാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏകദേശം 200 കോടിക്കും 300 കോടി രൂപയ്ക്കും ഇടയില്‍ വിലവരുന്നതാണ് മൗറീഷ്യസ് ഹൈക്കമ്മീഷന് അനുവദിച്ച ഭൂമി. ഹൈക്കമ്മീഷന് അനുവദിച്ചതാണെങ്കിലും വര്‍ഷങ്ങളായി ഹൈക്കമ്മീഷന്‍ ഇത് ഉപയോഗിച്ചിരുന്നില്ല. പകരം ജീസസ് ആന്‍ഡ് മേരി മാര്‍ഗിലെ കെട്ടിടത്തിലാണ് മൗറീഷ്യസ് ഹൈക്കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. 

അതേസമയം, വ്യാജരേഖകള്‍ ചമച്ച് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ച സംഭവം കണ്ടെത്തിയതോടെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്. തങ്ങളുടെ എന്‍.ഒ.സി. ലഭിക്കാതെ ഇത്തരത്തിലുള്ള യാതൊരു കൈമാറ്റവും രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നാണ് നിര്‍ദേശം. വ്യാജരേഖ ചമച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനായി ന്യൂഡല്‍ഹി സബ് രജിസ്ട്രാര്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്.