ബെംഗളൂരു: സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. രാമനഗര സ്വദേശി മുബീനയാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ജഹീര്‍ പാഷയെ (40) പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

സ്ഥിരം അശ്ലീല വീഡിയോകള്‍ കണ്ടിരുന്ന ജഹീര്‍ പാഷ ഒരു വീഡിയോയില്‍ ഭാര്യയോട് സാദൃശ്യമുള്ള യുവതിയെ കണ്ടതോടെയാണ് സംശയം തുടങ്ങിയത്. ഈ വിഷയത്തില്‍ ജഹീര്‍ മുബീനയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. കഴിഞ്ഞദിവസമുണ്ടായ വഴക്കിനിടെ കുട്ടികളുടെ മുന്നില്‍ വെച്ച് മുബീനയെ ജഹീര്‍ കത്തികൊണ്ടു കുത്തി. മൂത്തമകന്‍ തൊട്ടടുത്ത് താമസിച്ചിരുന്ന മുബീനയുടെ പിതാവിനെ വിവരമറിയിച്ചെങ്കിലും ഇദ്ദേഹമെത്തുമ്പോഴേക്കും മുബീന മരിച്ചിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ വിവരമറിയിച്ചു.

നേരത്തേ ക്രൂരമായ ഉപദ്രവം ശ്രദ്ധയില്‍ പെട്ടതോടെ പിതാവ് പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയിരുന്നു. എന്നാല്‍ മുബീന ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. മുബീനയ്ക്കും ജഹീര്‍ പാഷയ്ക്കും അഞ്ചുമക്കളുണ്ട്.