തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലൂടെ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് നടത്തിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടലാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ 12 ബുധനാഴ്ച ഉച്ചയോടെയായിരുന്നു തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെയുള്ള യുവാവിന്റെ സ്‌കേറ്റിങ് അഭ്യാസം. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് സുബ്രത. സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

To advertise here,

ചക്രഷൂസുമായി റൗണ്ടില്‍ പ്രവേശിച്ച യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ പിടിച്ച് ഇരുന്നുകൊണ്ട് മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് യുവാവിനായി അന്വേഷണം ആരംഭിച്ചത്. പുറത്തുവന്ന ദൃശ്യത്തില്‍, യുവാവ് പാറമേക്കാവിന് മുന്നിലെത്തുമ്പോള്‍ എഴുന്നേറ്റുനിന്ന് വേഗത്തില്‍ ഓട്ടോറിക്ഷയെ മറികടക്കുന്നതും തുടര്‍ന്ന് ബസിനു സമീപത്തുകൂടെ പോകുന്നതും കാണാം.

പിന്നീട് അപകടകരമായ രീതിയില്‍ റോഡിനു നടുക്കുവെച്ച് ബസിനെ മറികടക്കുകയും ചെയ്യുന്നു. രണ്ടു ബസുകള്‍ക്കിടയിലൂടെയായിരുന്നു ഈ മറികടക്കല്‍. ജനറല്‍ ആശുപത്രി കഴിഞ്ഞുള്ള വളവും പിന്നിട്ട് മുന്നോട്ടുപോയ സുബ്രത ജോസ് തിയേറ്റര്‍ കഴിഞ്ഞ ഉടനെ ചക്രഷൂസില്‍ കറങ്ങുകയും പല വശങ്ങളിലേക്കും നീങ്ങുകയും ചെയ്തു. തുടര്‍ന്ന് റൗണ്ടില്‍നിന്ന് എം.ഒ. റോഡിലൂടെ മുന്നോട്ടുനീങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്.

സി.സി.ടി.വി. പരിശോധിച്ചതില്‍ നായ്ക്കനാല്‍ ഭാഗത്തുനിന്നാണ് ഇയാള്‍ റൗണ്ടില്‍ പ്രവേശിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് എം.ഒ. റോഡിലൂടെ ശക്തനിലേക്ക് പോകുകയായിരുന്നു. ഹെൽമെറ്റ് വെച്ചായിരുന്നു യുവാവിന്റെ യാത്ര. വഴിയിലെ അഭ്യാസപ്രകടനത്തിനിടെ ആളുകളോട് സംസാരിക്കുകയും വീഡിയോ എടുക്കാന്‍ സഹകരിക്കുകയും ചെയ്തിരുന്നു സുബ്രത. ഇതിന്റെ വീഡിയോകളും പോലീസിന് ലഭിച്ചിരുന്നു.