കുന്ദമംഗലം(കോഴിക്കോട്): മാട്രിമോണിയല്‍ സൈറ്റില്‍ യുവതികളുടെ ഫോട്ടോ പരസ്യം നല്‍കി അവിവാഹിതരായ യുവാക്കളില്‍നിന്നും മധ്യവയസ്‌കരില്‍നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പറത്താഴത്ത് വീട്ടില്‍ ഉമേഷ് മോഹനെ(22)യാണ് കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്.

To advertise here,

വ്യാജ പ്രൊഫൈലുണ്ടാക്കി, പണം കൊടുത്ത് മറ്റു മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ച് പരസ്യം നല്‍കിയും ഫോണില്‍ വിളിച്ചും ആളുകള്‍ക്ക് യുവതികളുടെ ഫോട്ടോ അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. രജിസ്ട്രേഷന്റെയും പെണ്ണുകാണലിന്റെയും പേരില്‍ ഗൂഗിള്‍ പേവഴി അവിവാഹിതരില്‍നിന്ന് ഇയാള്‍ പണം പറ്റും.

3000 മുതല്‍ 5000 രൂപവരെയാണ് വാങ്ങിക്കുക. ഇതെല്ലാം ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് രീതി. സംസ്ഥാനത്ത് പലഭാഗത്തുമുള്ള യുവാക്കളെ രജിസ്റ്റര്‍ചെയ്യിക്കുന്നതല്ലാതെ വിവാഹങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പിടിക്കപ്പെടാതിരിക്കാന്‍ പലപേരുകളിലാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നി ജീല്ലകളിലെ ആളുകളാണ് കൂടുതലും തട്ടിപ്പിനിരയായത്. കുന്ദമംഗലത്ത് പെരിങ്ങൊളം എം.എല്‍.എ. റോഡിലും ഉമേഷ് മോഹന്‍ സ്ഥാപനം നടത്തിയിരുന്നെങ്കിലും ഇത് അടച്ചിടാറാണ് പതിവ്.

കിഴക്കുംമുറി സ്വദേശിയുടെ പരാതിയിലാണ് എസ്.ഐ.മാരായ എ. അഷ്റഫ്, വി.കെ. സുരേഷ്, എസ്.സി.പി.ഒ.മാരായ കെ. ഷാജു, ടി.പി. ജംഷീര്‍, പി.ജി. പ്രദീപ്, പ്രസീത് കുമാര്‍ എന്നിവര്‍ പ്രതിയെ പിടികൂടിയത്.