മലയിൻകീഴ്: രണ്ടുദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മുട്ടട അറപ്പുര ലെയ്‌ൻ യശസ്സ് നിലയത്തിൽ മഹേഷി(36)നെയാണ് മലയിൻകീഴ് കോട്ടമ്പൂര് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മഹേഷ് സുഹൃത്തായ തൈക്കാട് സ്വദേശി റിനിക്കൊപ്പം പോയതെന്ന് വീട്ടുകാർ പേരൂർക്കട പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് മഹേഷിനെ കാണാനില്ലെന്ന പരാതി പോലീസിനു ലഭിക്കുന്നത്. തുടർന്ന് റിനിയെ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിലാണ് ഇവർ മലയിൻകീഴെത്തി മറ്റു രണ്ട് സുഹൃത്തുക്കളുമൊത്ത് കുളത്തിനു സമീപമിരുന്നു മദ്യപിച്ചതായി അറിയുന്നത്.
ചൊവ്വാഴ്ച രാവിലെ റിനിയുമായി കുളത്തിനു സമീപമെത്തിയ പോലീസാണ് മഹേഷിന്റെ മൃതദേഹം കുളത്തിൽ കമഴ്ന്നുകിടക്കുന്നനിലയിൽ കണ്ടത്. കുളത്തിനരികിൽ മഹേഷിന്റെ ഷൂസും ഹെഡ്‌സെറ്റുമുണ്ടായിരുന്നു.
റിനിയെ മലയിൻകീഴ് പോലീസ് ചോദ്യംചെയ്യുകയാണ്. ഞായറാഴ്ച രാത്രി റിനി ഓടിച്ചിരുന്ന ബൈക്ക് പിടാരത്തിനു സമീപം അപകടത്തിൽപ്പെട്ടതായി പോലീസ് കണ്ടെത്തി.
മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്കു മാറ്റി. ഇതിനു രണ്ടുദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച മൃതദേഹപരിശോധന പൂർത്തിയായാലെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
മഹേഷിന് വെൽഡിങ് ജോലിയാണ്. അച്ഛൻ: ഭൂസുരൻ. അമ്മ: പുഷ്പലത. ഭാര്യ: സുമി. മക്കൾ: അഷ്ടമി എസ്. മഹേഷ്, അനാമി എസ്. മഹേഷ്.
Content Highlights: Youth Found Deceased in Pool: Investigation Underway in Malayinkeezh
Published: 05 Nov 2025, 10:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented