മലപ്പുറം: വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മനപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് മലപ്പുറം എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. പിന്നിൽ ഏതെങ്കിലും രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കുമെന്നും കുറ്റസമ്മതമൊഴിയിൽ പ്രതി ഇത്തരം കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽ പ്രസവം നടത്തുന്നത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതല്ലെന്ന പ്രചാരണങ്ങൾ പ്രതി നടത്തിയിട്ടുണ്ടെങ്കിൽ അതിലും അന്വേഷണം ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്. ബാക്കി മൂന്ന് പ്രസവങ്ങളും വീട്ടിലായിരുന്നു. ഇയാൾ ആലപ്പുഴ സ്വദേശിയാണെന്നും മലപ്പുറത്ത് വന്ന് താമസിക്കുകയായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ പ്രസവത്തിന് സഹായിച്ചവർക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാമത്തെ പ്രസവത്തിൽ കുട്ടിക്കും അമ്മയ്ക്കും അപകടമേറെയാണ്. ആശുപത്രിയുടെ പിന്തുണയോടെ ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള എല്ലാ സങ്കീർണ്ണതകളും ഒഴിവാക്കാമായിരുന്ന. ബിഎംസ് -105 വകുപ്പ് പ്രകാരവും തെളിവ് നശിപ്പിക്കലിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ട്. ആരെങ്കിലും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരിലേക്കും അന്വേഷണം പോകും.
ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിൽ നിന്നായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിപ്രകാരം മനസ്സിലാകുന്നത്. മറ്റു മൂന്നെണ്ണം വീട്ടിൽ തന്നെയാണ്. അമിതമായ ആത്മീയ താത്പര്യങ്ങളുള്ള ആളാണ് പ്രതി. ആ കാഴ്ചപ്പാടോടെയാണ് ഇതിന് മുമ്പ് രണ്ട് പ്രസവം വീട്ടിൽ നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ പ്രസവും എന്നാണ് മൊഴി. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കേണ്ടതുണ്ട്. അവര് ഇതിന് പിന്തുണച്ചിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇപ്പോൾ മനസ്സിലാകുന്നത് ഭർത്താവിന്റെ പ്രേരണയാണ് ഇതിന് പിന്നിലെന്നാണെന്നും എസ്.പി പറഞ്ഞു.
സിറാജുദ്ദീൻ മലപ്പുറം സ്വദേശി അല്ല. ആലപ്പുഴ സ്വദേശിയാണ്. ഇതിന് മുമ്പുള്ള രണ്ട് പ്രസവങ്ങൾ നടന്നത് ആലപ്പുഴ, എറണാകുളം ജില്ലകളിൽ വെച്ചാണ്. വളാഞ്ചേരിയിൽ കുറച്ചുകാലം ഇയാൾ താമസിച്ചിരുന്നു. മതപ്രഭാഷണവും യൂട്യൂബ് ചാനലുമൊക്കെയാണ് ഇയാളുടെ വരുമാനം. അതുകൊണ്ട് സൗകര്യപ്രദമായ സ്ഥലമായതുകൊണ്ടാണ് മലപ്പുറത്തേക്ക് ഇയാൾ മാറിയത്.
മൊഴി പ്രകാരം, അഞ്ചാം തീയതി ആറ് മണിയോടെയാണ് പ്രസവം നടന്നത്. രാത്രിയാണ് മരണം സംഭവിക്കുന്നത്. പുലർച്ചെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടിൽ പ്രസവം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ രഹസ്യ ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. കുറ്റസമ്മത മൊഴിയിൽ ഇങ്ങനെയൊക്കെ ചെയ്യുന്ന ആളുകളുണ്ട് എന്ന് പ്രതി സമ്മതിക്കുന്നുണ്ട്. അത്തരത്തിൽ നടക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ കാര്യങ്ങൾ പറയാൻ സാധിക്കൂ, എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: malappuram delivery home death case sirajudheen arrest
Published: 08 Apr 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented