ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിങ് ആപ്പ് ഉടമ രവി ഉപ്പൽ ദുബായില്‍ പിടിയില്‍. ഇ.ഡി.യുടെ നിര്‍ദേശപ്രകാരം ഉപ്പലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ്  ഉപ്പൽ പിടിയിലായതെന്നാണ് സൂചന. ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി ദുബായ് ഭരണകൂടവുമായി ഇ.ഡി. ബന്ധപ്പെട്ടിട്ടുണ്ട്. 

To advertise here,

മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ ആപ്പുമായി ബന്ധപ്പെട്ട് 5,000 കോടിരൂപയുടെ കള്ളപ്പണ, ഹവാല ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. മഹാദേവ് ബെറ്റിങ് ആപ്പിന്റെ മറ്റൊരു പ്രധാന പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 

കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എ.ഇ.യില്‍ വെച്ച് 250 കോടി ചെലവഴിച്ച് നടത്തിയ സൗരഭിന്റെ ആഡംബരവിവാഹത്തിന്റെ ചുവടുപിടിച്ച് ഇ.ഡി. നടത്തിയ അന്വേഷണത്തിലാണ് മഹാദേവ് ബെറ്റിങ് ആപ്പിന്റെ മറവില്‍ നടന്ന 5,000 കോടിയുടെ വാതുവെയ്പ് തട്ടിപ്പ് വെളിച്ചത്താകുന്നത്. 

നവംബറില്‍ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ 508 കോടി കൈപറ്റിയെന്ന വെളിപ്പെടുത്തലുമായി ഇ.ഡി. രംഗത്തെത്തുകയും ചെയ്തു. 

കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ 417 കോടി രൂപയുടെ സ്വത്ത് ഇ.ഡി. പിടിച്ചെടുക്കുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ എ.എസ്.ഐ. ചന്ദ്രഭൂഷണ്‍ വര്‍മ, സതീഷ് ചന്ദ്രകാര്‍, ബിസിനസുകാരും സഹോദരങ്ങളുമായ സുനില്‍ ദമ്മാനി, അനില്‍ ദമ്മാനി എന്നിവരാണ് കേസില്‍ ഇതുവരെ ഇ.ഡി.യുടെ പിടിയിലായ മറ്റുള്ളവര്‍.