കുണ്ടറ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ യുവാവ് മരിച്ചത് പോലീസ് മർദനത്തെ തുടർന്നെന്ന് ആരോപണം. പെരുമ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന സിയാദ്(36) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. മന്ത്രി പി.സി. വിഷ്ണുനാഥ്, സിയാദിന്റെ വീട്ടിലെത്തി ബന്ധുക്കളോടു സംസാരിച്ചു. ആരോപണത്തിൽ ആഭ്യന്തര മന്ത്രി ഡി.ജി.പി.യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

To advertise here,

ബന്ധുക്കളുടെ ശബ്ദസന്ദേശം പുറത്തായതോടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. എസ്.ഐ. അതുൽ, സി.പി.ഒ. ശ്രീജിത്ത് എന്നിവർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുമെന്ന ഉറപ്പിൽ വൈകീട്ട് 6.30-ഓടെ ഉപരോധസമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ജൂൺ 16-ന് അയൽവാസിയായ വിദ്യാർഥിയെ കാണാതായിരുന്നു. കുട്ടിയുടെ സഹോദരിയുടെ പരാതിയെത്തുടർന്ന് 17-ന് സിയാദിനെ പെരുമ്പുഴയിലെ വാടകവീട്ടിൽനിന്ന് പോലീസ് ചോദ്യംചെയ്യാനായി കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് അടുത്ത ദിവസം രാവിലെയോടെ സിയാദിനെ വിട്ടയച്ചു. ജൂലായ്‌ രണ്ടിന് അസുഖബാധിതനായി സിയാദ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

രോഗം മൂർച്ഛിച്ചതോടെ ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ 24-ന് മരിച്ചു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴി കോവിൽമുക്കിൽ ജീപ്പ് നിർത്തിയിട്ട ശേഷം പോലീസ് മർദിച്ചെന്ന് സിയാദ് പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു.

മർദിച്ചിട്ടില്ലെന്ന് പോലീസ്

ജീപ്പിൽവെച്ചോ സ്റ്റേഷനിലെത്തിച്ച ശേഷമോ സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അമിത മദ്യപാനത്തെത്തുടർന്നുണ്ടായ കരൾവീക്കവും മഞ്ഞപ്പിത്തബാധയുമാണ് സിയാദിന്റെ മരണകാരണമെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാണ്. ആശുപത്രി റിപ്പോർട്ടുകളിലൊന്നും മർദനമേറ്റതായി സൂചിപ്പിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ.

വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തിങ്കളാഴ്ച ഉച്ചയോടെയാണ് സ്റ്റേഷൻ ഉപരോധം ആരംഭിച്ചത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. സ്റ്റേഷനിലെത്തിയെങ്കിലും റൂറൽ എസ്.പി. എത്തണമെന്ന ആവശ്യം സമരക്കാർ ഉന്നയിച്ചു. വൈകീട്ട് സ്റ്റേഷനിലെത്തിയ റൂറൽ എസ്.പി. ഷാജി സുഗുണൻ, കെ.എൻ. ബാലഗോപാൽ എം.എൽ.എ., മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, സി.പി.എം. നേതാക്കളായ എസ്.എൽ. സജികുമാർ, സുരേഷ് ബാബു, സി. സന്തോഷ്, ജലജാ ഗോപൻ തുടങ്ങിയവരുമായി ചർച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.