കോഴിക്കോട്: തീവണ്ടിയാത്രക്കാരന്റെ സ്വര്‍ണാഭരണവും വജ്രവുമുള്‍പ്പെടെ 50 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായവരുടെ രണ്ട് കൂട്ടാളികള്‍ക്കായി തിരച്ചില്‍തുടരുന്നു. ഹരിയാണ സ്വദേശികളായ മുകേഷ് ഗുപ്ത, അശോക് എന്നിവര്‍ക്കായാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും റെയില്‍വേ പോലീസിന്റെയും അന്വേഷണം.

To advertise here,

ശനിയാഴ്ച അറസ്റ്റിലായ നാലുപേര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇവരെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിനായി ആര്‍പിഎഫിന്റെ ഹരിയാണ ഡിവിഷന്റെ സഹായവും തേടി.

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍പിഎഫ് സംഘം ഞായറാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി അറസ്റ്റിലായവരെ ചോദ്യംചെയ്തു.

ബെംഗളൂരുവില്‍ വ്യത്യസ്തസംഭവങ്ങളിലായി തീവണ്ടിയാത്രക്കാരില്‍നിന്ന് മൊത്തം ഒന്നരക്കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച സംഘാംഗത്തിലുള്ളവരാണ് ഇവരെന്നാണ് പ്രാഥമികനിഗമനം. അറസ്റ്റിലായ നാലംഗസംഘത്തിലെ ഓരോ ആളുടെപേരിലും വ്യാജമേല്‍വിലാസത്തിലും ഹരിയാണയിലെ കോളനികളിലെ ചിലരുടെ പേരിലുമായി 16 മുതല്‍ 20 വരെ സിംകാര്‍ഡുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ ഇവയെല്ലാം ഒറ്റപ്രാവശ്യമേ ഉപയോഗിക്കുകയുള്ളൂവെന്നും ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. ലോഹരി ജാതുഗ്രാമം സ്വദേശി രാജേഷ് (42), ഭട്ടോള്‍രംഗാരന്‍ സ്വദേശി ദില്‍ബാഗ് (62), ഖേരി ഗംഗന്‍ സ്വദേശി ഹൗസ് നമ്പര്‍ മൂന്നില്‍ മനോജ്കുമാര്‍ (36), ഹന്‍സി സ്വദേശി ജാഗ്ദിഷ് കോളനിയില്‍ ജിതേന്ദര്‍ (44) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായവര്‍. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിന് സമാനമായ ഹരിയാണയിലെ ഒരു ഗ്രാമത്തിലാണ് ഇവരുടെ താമസം. ഇവിടെയുള്ളവര്‍ വന്‍മോഷണം പതിവാക്കിയവരാണെന്ന് അന്വേഷണസംഘം പറഞ്ഞു. ഗ്രാമവാസികള്‍ സംഘാംഗങ്ങളായി പിരിഞ്ഞ് രാജ്യത്തിന്റെ പലഭാഗത്തായി മോഷണത്തിനിറങ്ങുന്നതാണ് പതിവുരീതി. തീവണ്ടിയാത്രക്കാരെയാണ് കൂടുതലും ലക്ഷ്യമിടുന്നത്. കൊയിലാണ്ടി സ്വദേശി പന്തലായനി സെയിത്ത് ഹൗസില്‍ അബ്ദുള്‍ നാസറിന്റെയും കുടുംബത്തിന്റെയും ആഭരണങ്ങളാണ് സംഘം കവര്‍ന്നത്. ഇവര്‍ ചെന്നൈയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കൊയിലാണ്ടിയിലെ വീട്ടിലേക്ക് വരുകയായിരുന്നു.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ നാലുപേരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു. ഇവരില്‍നിന്ന് കണ്ടെടുത്ത ആഭരണങ്ങള്‍ തിങ്കളാഴ്ച പോലീസ് കോടതിയില്‍ ഹാജരാക്കും. ഹരിയാണ പോലീസ് കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കോഴിക്കോട്ടെത്തുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എസ്ഐമാരായ സി. വിജയകുമാര്‍, പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.