രാമനാട്ടുകര : വാടകവീടൊഴിയാൻ ഉടമസ്ഥൻ കോടതിയെ സമീപിച്ചതോടെ തെരുവിലേക്ക്‌ ഇറങ്ങേണ്ട ഗതികേടിലാണ് തേഞ്ഞിപ്പലം പോക്‌സോ കേസിലെ ഇരയുടെ മാതാവും പ്രായപൂർത്തിയാവാത്ത സഹോദരനും.

To advertise here,

വീട് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചപ്പോൾ 20 ദിവസം സാവകാശം നൽകിയിരുന്നു. പത്തുദിവസം കഴിഞ്ഞതോടെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഉടമ വഴങ്ങിയില്ല. അതോടെ മേയ് അഞ്ചിലേക്ക് കേസ് വെച്ചു.

2021-ലാണ് അടച്ചുറപ്പുള്ള വീട് തേടി ഈ കുടുംബം രാമനാട്ടുകരയിലെത്തിയത്. 30,000 രൂപ അഡ്വാൻസ് നൽകിയാണ് വീടെടുത്തത്. എന്നാൽ, സാമ്പത്തിക പരാധീനത കാരണം കഴിഞ്ഞ മൂന്നുവർഷമായി വീടിന്റെ വാടക കൊടുക്കാനായിട്ടില്ല.

അന്നന്നത്തെ അന്നത്തിനുള്ളത് വാങ്ങിക്കുന്നതുപോലും മറ്റുള്ളവരുടെ കനിവിലാണെന്നിരിക്കെ വീടിനായി വാടകയിനത്തിൽ നിശ്ചയിച്ച 6500 രൂപ കൊടുക്കുന്നത് ഈ മാതാവിന് സാധിക്കുകയുമില്ലായിരുന്നു. സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കാനുള്ള ആരോഗ്യ സ്ഥിതിയും നാല്പത്തിയാറുകാരിക്കില്ല. നട്ടെല്ലിന് വളവും എല്ലിന് തേയ്മാനവും കാരണം ഏറെ നാളായി ഇവർ ബുദ്ധിമുട്ടിലാണ്.

2017-ൽ തന്റെ മകൾക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനവും പിന്നാലെയുണ്ടായ ആത്മഹത്യയും ഈ മാതൃഹൃദയത്തിനേൽപ്പിച്ച മുറിവും ഉണങ്ങിയിട്ടില്ല.

ഉപജീവനത്തിനായി കൈവശമുള്ള ആടുകളിൽനിന്ന് ആദായം ലഭിച്ചുതുടങ്ങിയിട്ടുമില്ല.

നാട്ടുകാരുടെ കാരുണ്യത്തിന് കൈനീട്ടിയും ചിലപ്പോൾ പട്ടിണി സഹിച്ചുമാണ് ഇപ്പോഴത്തെ ജീവിതം. -മറ്റൊരു വീടെടുത്താൽപ്പോലും വാടകയിനത്തിൽ പണം കൊടുക്കാൻ എന്തുചെയ്യുമെന്നറിയാതെ തേങ്ങുകയാണിവർ.