
കോട്ടയം: റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്‌സുകളിലുണ്ടായ വൻ കവർച്ചയുടെ ഞെട്ടലിൽ ജീവനക്കാരും കുടുംബാംഗങ്ങളും. മുഴുവൻ സമയവും മുൻവശത്ത് സുരക്ഷാജീവനക്കാരുടെ കാവലുള്ള മേഖലയാണ് റബർ ബോർഡ് ആസ്ഥാനം. ഇവിടത്തെ ക്വാർട്ടേഴ്‌സുകളിൽനിന്നാണ് 75 പവനോളം സ്വർണാഭരണങ്ങൾ കവർന്നത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന പലരുടെയും ഓർമയിൽ ആദ്യമായിട്ടാണ് ഒരു മോഷണം നടക്കുന്നത്.
ജീവനക്കാർ താമസിക്കുന്ന രണ്ട് ക്വാർട്ടേഴ്‌സുകളിൽനിന്നായാണ് 75 പവനോളം സ്വർണം മോഷണംപോയത്. ഒരു ക്വാർട്ടേഴ്‌സിൽനിന്ന് 43 പവനും രണ്ടാമത്തെ ക്വാർട്ടേഴ്‌സിൽനിന്ന് 32 പവനും. മൂന്ന് ക്വാർട്ടേഴ്‌സുകളിൽ കവർച്ചാശ്രമവും നടന്നു. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ കഴിഞ്ഞദിവസങ്ങളിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മോഷണശ്രമം നടന്ന ക്വാർട്ടേഴ്‌സുകളിലെ അലമാരകളിൽനിന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലാണ്. ഇവിടങ്ങളിൽ വിലപ്പിടിപ്പുള്ള വസ്തുക്കളൊന്നും സൂക്ഷിക്കാതിരുന്നതിനാൽ ഒന്നും നഷ്ടമായില്ല.
അതേസമയം, കഴിഞ്ഞദിവസം രാത്രി പട്ടി കുരച്ചതായും വാതിലിൽ തട്ടുന്ന പോലെ ചില ശബ്ദം കേട്ടതായും മറ്റുക്വാർട്ടേഴ്‌സുകളിലെ ചില താമസക്കാർ പറഞ്ഞു. താമസക്കാർ ആരെങ്കിലും രാത്രി വന്നതാകുമെന്നാണ് ഇവർ കരുതിയത്.
മോഷണവിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
രണ്ടുക്വാർട്ടേഴ്‌സുകളിലാണ് മോഷണം നടന്നതെന്നും മൂന്നിടത്ത് മോഷണശ്രമം നടന്നതായും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തിൽ വെല്ലുവിളിയാണ്. എന്നാൽ, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 9-ന് മാങ്ങാനത്ത് സമാനരീതിയിൽ മോഷണം നടന്നിരുന്നു. 50 പവൻ സ്വർണമാണ് അന്ന് മോഷ്ടിച്ചത്. ഈ കേസിൽ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ അറസ്റ്റ്‌ചെയ്തു. അടുത്തിടെ ഇയാൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അടുത്തിടെ വടക്കൻ കേരളത്തിലും സമാനരീതിയിൽ മോഷണം നടന്നിട്ടുണ്ട്. അവിടത്തെ അന്വേഷണസംഘവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Massive gold theft from Kottayam Rubber Board quarters. Over 75 sovereigns stolen. Police investigate. Read details here.
Published: 20 Jan 2026, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented