കടുത്തുരുത്തി: സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്തശേഷം വൃദ്ധദമ്പതിമാരുടെ പക്കൽനിന്ന്‌ 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരെ കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു. മാഞ്ഞൂർ വികെറ്റീ വീട്ടിൽ മഹേഷ്(38), ഭാര്യ വിജി (37) എന്നിവരെയാണ് കടുത്തുരുത്തി എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

To advertise here,

ദമ്പതിമാർ ചേർന്ന് മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളായ വൃദ്ധദമ്പതിമാരോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചുപറ്റിയശേഷമാണ് ഇവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കുറുപ്പന്തറയിലെ ബാങ്കിൽ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് വൃദ്ധദമ്പതിമാരുടെ പണം പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.

മറ്റൊരു ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 ജൂലായ് മുതലുള്ള കാലയളവിൽ പല തവണകളായി ചെക്ക് മുഖാന്തരവും മറ്റുമാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 60 ലക്ഷം രൂപ തട്ടിയെടുത്തശേഷം സിഎഫ്സിഐസിഐ ബാങ്കിെന്റ എറണാകുളം ശാഖയിൽ നിക്ഷേപിച്ചതായി വ്യാജരേഖയുണ്ടാക്കി വൃദ്ധദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു.

വയോധികദമ്പതിമാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.