വൈക്കം: സെപ്റ്റംബർ ആദ്യമാണ് വൈക്കം സി.ഐ. ആയി ഷമീർഖാൻ ചുമതലയേറ്റത്, ഒരു മാസം പിന്നിടുമ്പോൾ 'കൈക്കൂലി ഇനത്തിൽ' സമ്പാദിച്ചതാകട്ടെ രണ്ടുലക്ഷത്തിലധികം രൂപയും. സ്വന്തം തലയിലേക്ക് കൈക്കൂലിക്കേസിന്റെ ഒരു 'കോഴിത്തൂവൽ' പോലും പറന്നെത്താതിരിക്കാൻ ഒരോ പഴുതും കൃത്യമായി അടച്ചായിരുന്നു ഷമീർഖാന്റെ നീക്കം. എന്നാൽ വിജിലൻസ് സംഘം ഈ പഴുതുകളോരോന്നും അഴിച്ചെടുത്തു, ഒടുവിൽ ഓഫീസിൽക്കയറി സി.ഐ.യെ കൈയോടെ പൊക്കി.

To advertise here,

വെള്ളിയാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം വൈക്കം സി.ഐ. ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്. വിജിലൻസിന്റെ മിന്നൽപ്പരിശോധനയിൽ സി.ഐ. പി.എ. ഷമീർഖാനെതിരേ ഗുരുതര സാമ്പത്തികക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ 45 ദിവസത്തിനിടെ 2.28 ലക്ഷം രൂപ യു.പി.ഐ. (ഗൂഗിൾപേ) ഇടപാടിലൂടെ സി.ഐ. സമ്പാദിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.

സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നതിങ്ങനെ; സെപ്റ്റംബർ ആദ്യമാണ് ഷമീർഖാൻ വൈക്കം സി.ഐ. ആയി ചുമതലയേറ്റത്. പിന്നാലെ, അഞ്ചാംതീയതി തന്നെ, കോഴിഫാമിൽ ജോലിചെയ്തിരുന്ന അസം സ്വദേശി ജോഗത് ജൊഗോയ് എന്നയാളെക്കൊണ്ട് സി.ഐ. വൈക്കത്തെ കനറാബാങ്കിൽ അക്കൗണ്ടെടുപ്പിച്ചു. ഈ അക്കൗണ്ടിൽ നൽകിയിരിക്കുന്നത് വൈക്കം സ്വദേശി അരുണിന്റെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ നമ്പരാണ്.

അക്കൗണ്ടെടുത്തതിന് പിന്നാലെ അസം സ്വദേശിയുടെ പേരിലുള്ള എ.ടി.എം. കാർഡും സി.ഐ. സ്വന്തമാക്കി. മൊബൈൽ നമ്പരുപയോഗിച്ച് മറ്റൊരു ഫോണിൽ യു.പി.ഐ. ഇടപാട് നടത്താനുള്ള സൗകര്യവും ഷമീർഖാൻ ശരിയാക്കിയെടുത്തു. സ്റ്റേഷനിൽ കേസുമായെത്തുന്നവരിൽ നിന്നും മണ്ണുമാഫിയാ സംഘങ്ങളിൽനിന്നും മറ്റ് അനധികൃത ഇടപാടുകാരോടും കൈക്കൂലിയായി ചോദിക്കുന്ന പണം ഈ നമ്പരിലേക്ക് ഇടാനാണ് സി.ഐ. ആവശ്യപ്പെട്ടിരുന്നത്.

പണം അക്കൗണ്ടിൽ എത്തുന്ന വിവരം അറിയുന്നമുറയ്ക്ക് അധികം താമസിയാകെ ബൈക്കെടുത്ത് സി.ഐ. എ.ടി.എമ്മിലെത്തും. ഹെൽമെറ്റ് ധരിച്ചുതന്നെ എ.ടി.എം. കൗണ്ടറുകളിലെത്തി പണം പിൻവലിക്കുകയായിരുന്നു പതിവ് രീതി, വൈക്കം, ഉദയനാപുരം, കുറവിലങ്ങാട്, തലയോലപ്പറമ്പ് എന്നിങ്ങനെ വിവിധയിടങ്ങളിലെ എ.ടി.എമ്മുകളിൽനിന്നാണ് പണം പിൻവലിച്ചിരുന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ വിവിധ ഇടപാടുകാരിൽനിന്ന് 3000 മുതൽ 30,000 രൂപവരെ സി.ഐ. വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം സി.ഐ. ഓഫീസിൽ പരിശോധന നടത്തുന്ന സമയം ഷമീർഖാൻ പോലീസ് സ്‌റ്റേഷൻ വളപ്പിലെ സി.ഐ. ഓഫീസിൽ തന്നെയുണ്ടായിരുന്നു. അസം സ്വദേശിയുടെ പേരിലുള്ള എ.ടി.എം. കാർഡും വൈക്കം സ്വദേശി അരുണിന്റെ പേരിലുള്ള സിമ്മിട്ടിട്ടുള്ള ഫോണും റെയ്ഡിനിടെ വിജിലൻസ് സംഘം സി.ഐ.യിൽനിന്ന് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പുവിവരം പുറത്തായത്.

അക്കൗണ്ടുള്ള ബാങ്ക് ശാഖയിലുമെത്തി വിജിലൻസ് സംഘം പരിശോധന നടത്തി. ഒന്നരമാസത്തിനിടെ വൈക്കം സ്റ്റേഷനിലുണ്ടായിട്ടുള്ള കേസുകളെ സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധന നടത്തിയാലേ ആരൊക്കെയാണ് പണം അയച്ചുനൽകിയിട്ടുണ്ട് എന്നത് വ്യക്തമാകൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. ടി.ആർ. പ്രദീപ്കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർമാരായ സജു എസ്. ദാസ്, അനിൽകുമാർ, രമേശ്കുമാർ, മനു വി. നായർ, എസ്.ഐ.മാരായ അനിൽ, രാജീവ്, എ.എസ്.ഐ.മാരായ ജോഷി ഇഗ്‌നേഷ്യസ്, രജീഷ്, അരുൺചന്ദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.