
കൊല്ലം: എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ. നേതാവിന്റെ ഭീഷണിയും അസഭ്യവര്‍ഷവും. പുനലൂര്‍ എസ്.എന്‍. കോളേജ് വിദ്യാര്‍ഥിയും കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായിരുന്ന വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ. ജില്ലാ നേതാവ് ഫോണിലൂടെ ഭീഷണിമുഴക്കുന്നതിന്റെ ക്ലിപ്പും വിഷ്ണു പുറത്തുവിട്ടിട്ടുണ്ട്.
വീട്ടില്‍ പോകുമ്പോള്‍ പുനലൂര്‍ മുതല്‍ വീടുവരെ അടിക്കുമെന്നും വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിക്കുമെന്നുമാണ് ആരോമല്‍ ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു ആരോപിച്ചു. അവര്‍ നല്‍കുന്ന സ്വാതന്ത്ര്യം തനിക്ക് മതിയെന്നാണ് പറയുന്നത്. താന്‍ ഒരു അടിമയെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും എസ്.എഫ്.ഐ. മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ വിഷ്ണു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Also Read
'നീ എസ്.എഫ്.ഐ.ക്കാരെ വിരട്ടുന്നോ, നീ ഒന്ന് തൊട്ടുനോക്കടാ എസ്.എഫ്.ഐ.ക്കാരെ, നീ എന്നാ എസ്.എഫ്.ഐ. കാണാന്‍ തുടങ്ങിയത്' എന്നാണ് വിഷ്ണു പുറത്തുവിട്ട ഓഡിയോക്ലിപ്പില്‍ ആരോമല്‍ ചോദിക്കുന്നത്. 'എനിക്ക് സ്വാതന്ത്ര്യമില്ലാത്ത സംഘടന എനിക്ക് വേണ്ട, ഇവിടെ ആരെയും വിരട്ടുകയൊന്നുമല്ല' എന്ന് വിഷ്ണു മറുപടി നല്‍കിയപ്പോള്‍ 'നിന്റെ എ.ഐ.എസ്.എഫിന്റെ സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെടാ, എസ്.എഫ്.ഐ.ക്കാരുടെ അടി എങ്ങനെയുണ്ടായിരുന്നെന്ന്. പേടിച്ചോടിയവന്മാര്‍ അല്ലേ അവന്മാര്‍' എന്നായിരുന്നു ആരോമലിന്റെ പ്രതികരണം.
കോളേജിലെ കലാകാരന്മാരുടെ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കുന്നതാണ് എസ്.എഫ്.ഐ. നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. സംഘടനാഭേദമന്യേ എല്ലാ വിദ്യാര്‍ഥികളുമുള്ള ഈ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കരുതെന്നായിരുന്നു എസ്.എഫ്.ഐ. നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, വിഷ്ണു ഇതിന് തയ്യാറായില്ല. ഇതിനുപിന്നാലെയാണ് വിഷ്ണു എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും വിഷ്ണു ആരോപിച്ചു.
Content Highlights: kollam punalur former sfi member threatened by sfi leader
Published: 09 Jul 2024, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented