
കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്നാണ് പുതിയ കണ്ടെത്തൽ. പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആലപ്പുഴ ചാരുംമൂട് സ്വദേശി അനിക്കുട്ടനാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎൻഎ പരിശോധനയിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആളുകേറാമലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും ചാരുംമൂട് സ്വദേശി അനിക്കുട്ടൻ സംഭവത്തിലെ പ്രതിയെന്നുമാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. സംഭവസ്ഥലത്തിനടുത്ത പെട്രോൾ പമ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽകുമാറാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്.
അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരുന്നത് അന്നേ പോലീസിനെ കുഴക്കിയിരുന്നു. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. അതേസമയം, ഇങ്ങനെയൊരാളെ കാണാതായതായി ഒരു പോലീസ് സ്‌റ്റേഷനിലും പരാതിയുണ്ടായിരുന്നില്ല. മാത്രമല്ല, സംശയമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിലും ഫലമുണ്ടായില്ല. മരിച്ചയാളെ തിരിച്ചറിയാനായി അയൽസംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബന്ധുക്കളിൽനിന്നും പോലീസ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് സംശയത്തിന്റെ പേരിൽ ഈ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് മരിച്ചത് പ്രതിയെന്ന് കരുതിയ ആൾ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ, അനിൽകുമാർ ജീവനൊടുക്കിയതാണെന്ന സംശയവുമുണ്ട്.
പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽ കഴിഞ്ഞ സെപ്റ്റംബർ 23-നാണ് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. ഇതിനടുത്തുനിന്നും കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. കൊലപാതകത്തിനുശേഷം മുഖം കത്തിച്ച് തെളിവുനശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞിരുന്നു.
Content Highlights: DNA analysis identified the deceased as the prime suspect, Anilkumar., Police previously suspected Anilkumar committed murder and went into hiding., The body was found chained in Punalur with stab wounds., Authorities are now investigating the possibility of suicide.
Published: 11 Mar 2026, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented