
കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികളുടെ പോലീസ് കസ്റ്റഡി നാലുദിവസത്തേക്കുകൂടി നീട്ടി. കൊല്ലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ് മുൻപാകെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രതികളെ ഹാജരാക്കിയത്. കേസിന്റെ അനുബന്ധരേഖകൾ കണ്ടെത്തുന്നതിനായി നാലുദിവസംകൂടി പോലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.
അനിമോൻ (44), മാഹിൻ (45), സരിത (46), കെ.പി.അനൂപ് (37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിഭാഗം അഭിഭാഷകർ പ്രോസിക്യൂഷൻ വാദത്തെ എതിർത്തു. പ്രതികൾ എട്ടുദിവസം പൂർണമായും പോലീസ് കസ്റ്റഡിയിൽ ആയിരുന്നെന്നും പരമാവധി ഒരുദിവസം മാത്രമേ അനുവദിക്കാവൂ എന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. എന്നാൽ നിർണായകമായ രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം.
തട്ടിയെടുത്ത പണം എത്രയെന്നതിൽ വ്യക്തതയില്ല
പാപ്പച്ചനിൽനിന്ന് സരിതയും അനൂപും ചേർന്നു തട്ടിയെടുത്ത പണം എത്രയെന്ന കാര്യത്തിൽ ഇനിയും വ്യക്തത ആയിട്ടില്ലെന്ന് പോലീസ് കോടതിയിൽ. ഇവർ ധനകാര്യസ്ഥാപനത്തിലും പുറത്തുമായി ഒട്ടേറെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇരുവരുടെയും കൈയക്ഷരം, ഒപ്പ് എന്നിവവെച്ച് കുറെയധികം പരിശോധനകൾ നടത്താനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
കൊലപ്പെടുത്തിയത് ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ
പാപ്പച്ചൻ അറിയാതെ സ്ഥിരനിക്ഷേപത്തിൽനിന്ന് 25,08,728 രൂപ സരിതയും അനൂപും ചേർന്ന് വായ്പയെടുത്തു. വിവരമറിഞ്ഞ പാപ്പച്ചൻ സരിതയോട് ഇക്കാര്യം ചോദിച്ചു. പണം തിരികെ നൽകേണ്ടിവരുമെന്നും മറ്റു ജീവനക്കാർ അറിഞ്ഞാൽ ജോലി നഷ്ടപ്പെടുമെന്നും മനസ്സിലാക്കിയ ഇരുവരും ചേർന്ന് പാപ്പച്ചനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡി നീട്ടാൻ പോലീസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികൾക്കെതിരേ ശക്തമായ തെളിവെന്ന് പോലീസ്
കൊല്ലം:റിട്ട. ബി.എസ്.എൻ.എൽ. അസി. ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരേ ശക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ്.
ഒന്നാംപ്രതി അനിമോൻ, രണ്ടാംപ്രതി മാഹിൻ, മൂന്നാംപ്രതി സരിത, നാലാംപ്രതി കെ.പി.അനൂപ് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച പ്രതികളെ കൊല്ലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കാൻ എത്തിയതായിരുന്നു പോലീസ് അന്വേഷകസംഘം.
പ്രതികൾ കൃത്യം നടത്താൻ ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചനയ്ക്കും ഡിജിറ്റൽ ഉൾപ്പെടെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതികളുമായി കൃത്യത്തിന്റെ പുനരാവിഷ്കരണം നടത്തിയപ്പോൾ, പോലീസിനു നേരത്തേ ലഭിച്ച തെളിവുകൾ ശരിവയ്ക്കുന്നരീതിയിലാണ് പ്രതികൾ മൊഴി നൽകിയത്. ഇതനുസരിച്ച് പഴുതുകളില്ലാതെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
കൊലപാതകം നടത്തിയ രീതി, ഇതിനായി ഉപയോഗിച്ച വാഹനം, പ്രതികളുടെ സംഭവസ്ഥലത്തെ സാന്നിധ്യം തെളിയിക്കുന്ന രേഖകൾ, സാക്ഷിമൊഴികൾ, ദൃശ്യം പതിഞ്ഞ ഡിജിറ്റൽ ക്യാമറ തുടങ്ങിയവ ഇതിനകം കുറ്റപത്രം തയ്യാറാക്കുന്നതിനായി പോലീസിനു ലഭിച്ചിട്ടുണ്ട്. 50 മീറ്റർ അകലത്തിൽ വണ്ടിയോടിച്ച അനിമോൻ പാപ്പച്ചനെ ഇടിച്ചിട്ടത് 50 കിലോമീറ്റർവരെ വേഗത്തിലാകാമെന്ന് ആഘാതപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ജി.ദിനൂപ് പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.
സി.സി.ടി.വി. തെളിവായതിൽ സന്തോഷം
കേസിൽ പ്രധാന തെളിവായത് തന്റെ വീട്ടിലെ ക്യാമറയായതിൽ സന്തോഷമുണ്ടെന്ന് വാധ്യാർ ഹൗസിലെ രാജഗോപാലൻ നായർ പറഞ്ഞു. പാപ്പച്ചന്റെ മരണം നടന്ന് നാലുദിവസത്തിനകം പോലീസ് മെമ്മറി കാർഡ് കൊണ്ടുപോയി.
നിയമോപദേശത്തിന് ഇടംനൽകാതെ പോലീസ്
പ്രതികൾ ആരൊക്കെയാണെന്ന് ബോധ്യമായശേഷം അവരെ നിരീക്ഷിക്കുകയാണ് പോലീസ് ചെയ്തത്. എന്തെങ്കിലും സൂചന ലഭിച്ചാൽ പ്രതികൾ ഒളിവിൽ പോകുമായിരുന്നു. ഓഗസ്റ്റ് അഞ്ചുമുതൽ പ്രതികളുടെ പിന്നാലെയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് എട്ടിനാണ്. ഒൻപതിന് ഉച്ചയ്ക്ക് 12 മണിയോടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം നാല് വ്യത്യസ്ത സ്റ്റേഷനുകളിലാണ് പാർപ്പിച്ചത്. പരസ്പരം ആശയവിനിമയം നടത്താനും നിയമോപദേശം ലഭിക്കാനുമുള്ള സാധ്യത അടച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ അഞ്ചാംപ്രതി ഹാഷിഷ് ഇപ്പോൾ ജില്ലാ ജയിലിലാണ്.
നിർമിതബുദ്ധി സാധ്യതകളും പരിശോധിക്കും
അന്വേഷണത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ.) ഉപയോഗിച്ചുള്ള ദൃശ്യാവിഷ്കരണം വേണമെന്ന് പോലീസിന്റെ ഉന്നതതലത്തിൽ ആലോചനയുണ്ട്. സൈബർ രംഗത്തെ ആധുനിക സൗകര്യങ്ങളോടുകൂടി വിചാരണ നടത്താനാകുംവിധം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതിയായി കൊല്ലം മാറുന്ന പശ്ചാത്തലത്തിൽ പാപ്പച്ചൻ കേസും ഉൾപ്പെടുത്താനാകുമോയെന്നു പരിശോധിക്കുന്നുണ്ട്. മുഖം തിരിച്ചറിയാനുള്ളതുൾപ്പെടെ നിർമിതബുദ്ധികൊണ്ട് ചെയ്യാവുന്ന സൗകര്യങ്ങളെല്ലാം ലഭ്യമാക്കാൻ പോലീസ് ആലോചിക്കുന്നു.
ഹാഷിഫിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പാപ്പച്ചൻ കൊലപാതകക്കേസിലെ അഞ്ചാംപ്രതി പോളയത്തോട് സൽമ മൻസിലിൽ ഹാഷിഫിന്റെ ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും. ബി.എൻ.ഹസ്കറാണ് ഹാഷിഫിനുവേണ്ടി ഹാജരായത്. കസ്റ്റഡിയിലുണ്ടായിരുന്ന ഹാഷിഫിനെ ചൊവ്വാഴ്ച പോലീസ് തിരി കേ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോൾ കളക്ടറേറ്റിന് അടുത്തുള്ള ജില്ലാ ജയിലിൽ റിമാൻഡിലാണ്. പാപ്പച്ചനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ അനിമോന് വാടകയ്ക്കു നൽകിയത് ഹാഷിഫ് ആയിരുന്നു.
സത്യം തെളിയണം-സരിത
റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ സമ്പാദ്യം തട്ടിയെടുക്കാനായി കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ സത്യം തെളിയണമെന്ന് സരിത. മൂന്നാംപ്രതിയായ സരിതയുടെ റിമാൻഡ് കാലാവധി തീരുന്ന ദിവസം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സത്യം തെളിയട്ടെയെന്നു പറഞ്ഞത്. പോലീസുകാർ നന്നായാണ് പെരുമാറുന്നത്. അവരെപ്പറ്റി പരാതിയൊന്നുമില്ല. താൻ മാനേജരായിരുന്ന ധനകാര്യസ്ഥാപനത്തിൽ വർഷങ്ങൾക്കുമുമ്പേ പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നു. കാലാവധി പൂർത്തിയപ്പോൾ പണം പിൻവലിച്ചുപോയിരുന്നു-സരിത പറഞ്ഞു.
Content Highlights: Kollam Pappachan murder: Accused in police custody for 4 days
Published: 17 Aug 2024, 07:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented