
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പാടേ തള്ളിയാണ് കോടതി ശിക്ഷവിധിച്ചത്. സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതി 50,000 രൂപ പിഴയും വിധിച്ചു. ജീവിതാന്ത്യം വരെ തടവില്‍ കിടക്കണമെന്ന് കോടതി വ്യക്തമാക്കി. കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
വിധി പറയും മുമ്പ് പ്രതിയുടെ ഭാഗം കേട്ട സെഷന്‍സ് ജഡ്ജ് അനിര്‍ബന്‍ ദാസ്, സംഭവത്തെക്കുറിച്ച് സഞ്ജയ് റോയ് നടത്തിയ വിവരണം പാടേ തള്ളി. കേസില്‍ തെളിവുകള്‍ പ്രതിക്ക് എതിരാണെന്ന് കോടതി വ്യക്തമാക്കി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. വധശിക്ഷ നല്‍കരുതെന്ന് വാദിക്കാന്‍ പ്രതിഭാഗം ആശ്രയിച്ച സുപ്രീംകോടതിയിലെ മുന്‍കേസുകളുടെ വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രതിഭാഗം എഴുതി നല്‍കിയതും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഭാരതീയ ന്യായസംഹിതയുടെ 64 (ബലാത്സംഗം), 66 (ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന പരിക്ക്), 103 (1) (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 103 (1) വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് ശിക്ഷ. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 17 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. എന്നാല്‍, ഇത് വേണ്ടെന്ന് ഡോക്ടറുടെ കുടുംബം വ്യക്തമാക്കി.
നേരത്തെ, വാദത്തിനിടെ താന്‍ ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നു. 'എന്നെ തെറ്റായി പ്രതി ചേര്‍ത്തതാണ്. ഞാന്‍ നിരപരാധിയാണ്. ഞാന്‍ പീഡിപ്പിക്കപ്പെട്ടു. പലയിടത്തും അവര്‍ ബലമായി എന്റെ ഒപ്പുവാങ്ങുകയായിരുന്നു', സഞ്ജയ് റോയ് പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെങ്കില്‍ പോലും പ്രതിക്ക് പരിവര്‍ത്തനത്തിന് സാധ്യതയുണ്ടാവാമെന്ന് സഞ്ജയ് റോയിയുടെ അഭിഭാഷകര്‍ വാദിച്ചു. അത്തരം സാഹചര്യമില്ല എന്നതിന് പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് റോയി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറി.
2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ചെരുപ്പില്‍ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകള്‍ കണ്ടെത്തുകയും അത് ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാല്‍ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.
2024 നവംബര്‍ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു.
ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറഞ്ഞത്.
Content Highlights: Sanjay Roy gets life imprisonment for rape- murder of a doctor in Kolkata`s RG Kar Medical College
Published: 20 Jan 2025, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented