ശ്രീകുരുംബമ്മ കോവിലിലെ വിഗ്രഹം അടിച്ചുതകർത്ത നിലയിൽ
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ തെക്കേനടയിലെ ശ്രീകുരുംബമ്മ കോവിലിലെ വിഗ്രഹം അക്രമി അടിച്ചുതകര്‍ത്തു. മൂന്നടിയോളം ഉയരമുള്ള കരിങ്കല്വിഗ്രഹത്തിന്റെ തലഭാഗം തകര്‍ന്ന് വേര്‍പെട്ടു. ദീപസ്തംഭം മറിച്ചിടുകയും നിലവിളക്കുകള്‍ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. അക്രമി തിരുവന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുണ്ടോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഹിന്ദു ഐക്യവേദി നഗരസഭയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ച് നാമജപയാത്ര നടത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.15-നാണ് സംഭവം. ക്ഷേത്രദര്‍ശനത്തിന് വന്നവരാണ് അക്രമം കണ്ട് ജീവനക്കാരെയും പോലീസിനെയും വിവരം അറിയിച്ചത്. ഇവരെത്തുമ്പോള്‍ അക്രമി ദേഹമാസകലം എണ്ണ പുരട്ടി നഗ്നനായ നിലയിലായിരുന്നു. വിഗ്രഹത്തിന്റെ പീഠത്തിലിരുന്ന് പരസ്പരബന്ധമില്ലാതെ സംസാരിക്കുകയായിരുന്നു. കൈയില്‍ ഒരു ഇരുമ്പുവടിയുമുണ്ടായിരുന്നു. പോലീസുകാര്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴുതി. പിന്നീട് അവിടെനിന്നിറങ്ങി ശ്രീകുരുംബ ക്ഷേത്രത്തിലേക്ക് നടന്നു. പിന്നാലെയെത്തിയ പോലീസ് കിഴക്കേനടയിലെ ഗജമണ്ഡപത്തിന് സമീപംവെച്ച് കീഴ്പ്പെടുത്തി.
അക്രമാസക്തനായ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ചശേഷം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. രണ്ടുദിവസം മുമ്പ് നഗരത്തിലെത്തിയ പ്രതി കിഴക്കേനടയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് ക്ഷേത്രപരിസരത്ത് നടക്കുകയായുന്നു. തിങ്കളാഴ്ച വൈകീട്ട് ലുങ്കി ധരിച്ച് വസൂരിമാലക്ഷേത്രത്തില് എത്തിയെങ്കിലും പ്രവേശിപ്പിച്ചിരുന്നില്ല.
പ്രതി വന്നത് കച്ചവടത്തിന്...
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബമ്മയുടെ വിഗ്രഹം അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രാമചന്ദ്രന് കൊടുങ്ങല്ലൂരിലെത്തിയിട്ട് പത്ത് ദിവസം. കച്ചവടം നടത്താനായാണ് കൂട്ടുകാരനോടൊപ്പം പറവൂരിലെ വാടകവീട്ടില്‍നിന്ന് കിഴക്കേനടയിലുള്ള ലോഡ്ജിലെ എ.സി. മുറിയില്‍ ഇയാള്‍ താമസം തുടങ്ങിയത്. കച്ചവടത്തിനായി ഇതിനിടയില്‍ കൊടുങ്ങല്ലൂരില്‍നിന്ന് മറ്റ് രണ്ടു കൂട്ടുകാരെക്കൂടി ഇയാള്‍ കണ്ടെത്തിയിരുന്നു.
ചന്തപ്പുര കോട്ടപ്പുറം ബൈപാസില്‍ സി.ഐ. ജങ്ഷന് പടിഞ്ഞാറ് സര്‍വീസ് റോഡിനോടുചേര്‍ന്ന ഭാഗത്ത് കച്ചവടം തുടങ്ങാനായി സ്ഥലം കണ്ടെത്തി. ഇതിനായി പെട്ടിക്കട ശരിയാക്കിവരുകയായിരുന്നു. മദ്യപിച്ചാല്‍ പരിസരബോധം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഇതിനിടയില്‍ കൊടുങ്ങല്ലൂരിലെ ഒരു ബാറില്‍ വഴക്കുമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ചയും ശ്രീകുരുംബക്കാവില്‍ ചിലരുമായി വഴക്കുണ്ടാക്കിയതായി പറയുന്നു. അതേസമയം അക്രമത്തെത്തുടര്‍ന്ന് ഇയാള്‍ പിടിയിലാകുമ്പോള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് വ്യക്തമായത്. എതാനുംവര്ഷംമുമ്പ് ഇയാള്‍ മാനസികപ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുള്ളതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം ക്ഷേത്രത്തില്ക്ക0യറി വിഗ്രഹം തകര്‍ത്ത സംഭവം ഓര്‍ക്കുന്നില്ലെന്നാണ് പറയുന്നത്. നാട്ടില്‍ മറ്റ് കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എ.എസ്.ഐ. ബിജു ജോസ്, സി.പി.ഒ.മാരായ ജമേഷ്സണ്, ഫൈസല്‍, നിനല് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്.ഐ.മാരായ ബിജു, എസ്.ഐ. രവികുമാര്‍ എ.എസ്.ഐ. ഉല്ലാസ് പൂത്തോട്ട്, വിപിന്‍, സി.ടി. രാജന് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ഞെട്ടി
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബമ്മ കോവിലിലെ വിഗ്രഹം അടിച്ചുതകര്‍ത്ത വാര്‍ത്തയറിഞ്ഞ് കൊടുങ്ങല്ലൂര്‍ ഞെട്ടി. അക്രമി പിടിയിലായെന്നുറപ്പായതോടെയാണ് ആശങ്ക അകന്നത്. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും ഉചിതമായ ഇടപെടലാണ് അക്രമിയെ പിടികൂടാന്‍ സഹായിച്ചത്.
അഞ്ചടിയോളം ഉയരമുള്ള മതിലുകള്‍ ചാടിക്കടന്നാണ് ഇയാള്‍ അകത്ത് പ്രവേശിച്ചത്. കോവിലിലേക്കുള്ള ഗ്രില്ല് ഇയാള്‍ അകത്ത് നിന്നും ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോവിലിനുള്ളില്‍ കരുതിയിരുന്ന എണ്ണയെടുത്ത് ദേഹത്ത് പുരട്ടിയതിനാല്‍ ഇയാളെ പിടികൂടാന്‍ പ്രയാസമായി. സംഭവമറിഞ്ഞ് ഓടിയെത്തിയ ക്ഷേത്രത്തിലെ മാസപ്പടി ജീവനക്കാരന് ഇയാളെ പിടിക്കാന്‍ ശ്രമം നടത്തി. വസൂരിമാല ക്ഷേത്രത്തെക്കുറിച്ചും പരസ്പരബന്ധമില്ലാതെ ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നതായി ജീവനക്കാര്‍ പറയുന്നു. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ഒന്നും കണ്ടുകിട്ടിയിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇയാളുടെ കൈയില്‍ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും ഫോണും മറ്റും ഇതിലായിരുന്നെന്നും പറയുന്നു. ഈ ബാഗ് കണ്ടെത്താനായിട്ടില്ല.
ഹര്‍ത്താലും നാമജപപ്രദക്ഷണവും
കൊടുങ്ങല്ലൂര്‍: കുരുംബമ്മ വിഗ്രഹം തകര്‍ത്തതിലും ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ അതിക്രമത്തിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു. നഗരത്തില്‍ കടകള്‍ അടച്ച് ഹര്‍ത്താലാചരിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നാമജപ പ്രദക്ഷിണം നടന്നു.
കുരുംബമ്മനടയില് നടന്ന പ്രതിഷേധയോഗത്തില്‍ ആര്.എസ്.എസ്. ഖണ്ഡ് കാര്യവാഹ് എ.എന്‍. ജയന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.എന്‍. അശോകന്, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്, മേഖല സെക്രട്ടറി സി.എം. ശശീന്ദ്രന്, എന്‍.എസ്.എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് സി. രാജശേഖരന്, എസ്.എന്‍.ഡി.പി. യൂണിയന് മുന്‍ സെക്രട്ടറി പി.കെ. രവീന്ദ്രന്, സിനി സെല്‍വരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: kodungallur temple idol attacked by a man accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..