നഗോയ: പരാജയത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്നും അടുത്ത സീസണിൽ മികച്ച പ്രകടനത്തോടെ തിരിച്ചുവരുമെന്നും മലയാളി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതിന് പിന്നാലെയാണ് ആൻസിയുടെ പ്രതികരണം. സ്വർണം നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ, അവസാനനിമിഷം ഫലം മാറിമറഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. അവസാനംവരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു.

To advertise here,

‘സ്വർണം പ്രതീക്ഷിച്ചിരുന്നു. മുന്നിൽ തന്നെയായിരുന്നു. എന്നാൽ, അവസാനനിമിഷമാണ് മാറിമറിഞ്ഞത്. സ്വർണം നേടാനാവുമെന്ന് വിശ്വസിച്ചിരുന്നു. ഇന്ന് എന്റെ ദിവസമല്ല. എന്നാൽ ഇനിയും മത്സരങ്ങളുണ്ട്. ഇതുകൊണ്ട് അവസാനിപ്പിക്കില്ല’, ആൻസി പറഞ്ഞു.

‘ഈ സീസണിൽ പത്തിൽക്കൂടുതൽ കോംപറ്റീഷനിൽ മത്സരിച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈയൊരു സാഹചര്യത്തിൽ ഇത്രയും ചെയ്യാനായതിൽ സന്തോഷമുണ്ട്. പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ട്. ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും’, ആൻസി പറഞ്ഞു.

‘കഴിഞ്ഞതവണയും വെള്ളിയാണ് ലഭിച്ചത്. സ്വർണത്തിന് വേണ്ടിയാണ് വന്നത്. ഞാൻ പോരാടി. പരാജയമുണ്ടാകും. അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കും’ ആൻസി വ്യക്തമാക്കി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു.

ആദ്യ ശ്രമത്തിൽത്തന്നെ മിന്നുംപ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്. എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി.