കൊടുങ്ങല്ലൂർ: സ്‌കൂൾ പാചകപ്പുര ഒന്നാകെ മോഷ്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അസം സ്വദേശി താജുദ്ദീൻ (38) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായികളായ മൂന്നുപേരെ പോലീസ് അന്വേഷിച്ച് വരുന്നു. ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചതായും സൂചനയുണ്ട്.

To advertise here,

ആക്രിസാധനങ്ങൾ പെറുക്കി, കുടുംബത്തോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇയാൾ. 99.700 കിലോഗ്രാം അരിയും വാഹനവും ഏതാനും പാത്രങ്ങളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കോതപറമ്പ് വാസുദേവവിലാസം യു.പി. സ്‌കൂളിലെ പാചകപ്പുരയിലെ കറിക്കത്തി മുതൽ കുട്ടികളുടെ കഞ്ഞിക്കലംവരെ കവർന്നത്.

ഉച്ചഭക്ഷണത്തിന് അഞ്ച് ചാക്കുകളിലായി കരുതിയിരുന്ന 250 കിലോ അരിയും കടത്തിക്കൊണ്ടുപോയി. പാചകപ്പുരയുടെയും സ്റ്റോർ മുറിയുടെയും പൂട്ട് തകർത്തായിരുന്നു മോഷണം. രണ്ട് വലിയ കുട്ടകങ്ങൾ, 25 കിലോ അരി വീതം വേവിക്കാവുന്ന അഞ്ച് വലിയ വട്ടകകൾ, സ്റ്റീൽ ബക്കറ്റുകൾ, മിക്സി, പ്രഷർ കുക്കർ തുടങ്ങിയ ഒരുലക്ഷത്തോളം വില വരുന്ന പാത്രങ്ങളാണ് മോഷണംപോയത്.

സമീപത്തെ നിരീക്ഷണക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യദിവസങ്ങളിൽ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സംഭവദിവസം മുതൽ അതിഥിതൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിരുന്നു. മാത്രമല്ല, സമീപപ്രദേശങ്ങളിലെ ആക്രിക്കച്ചവടകേന്ദ്രങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മതിലകം മുതൽ ആലപ്പുഴ വരെയുള്ള ദേശീയപാതയിലെ 200 സി.സി.ടി.വി.കൾ പരിശോധിച്ച്, അറുപതോളംപേരെ ചോദ്യംചെയ്തിരുന്നു.

ജില്ലയിലെയും സമീപജില്ലകളിലെയും മുപ്പതോളം സ്‌ക്രാപ്പ് ഗോഡൗണുകളും അതിഥിതൊഴിലാളി ക്യാമ്പുകളും പരിശോധിച്ചതിൽനിന്ന് കിട്ടിയ വിവരത്തിൽനിന്നാണ് സ്‌ക്രാപ്പ് ബിസിനസുകാരനായ താജുദ്ദീനിലേക്ക് അന്വേഷണമെത്തിയത്. പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഇയാളുടെ സ്‌ക്രാപ്പ് ഗോഡൗണിൽനിന്ന് സാധനങ്ങൾ കടത്തിയ വാഹനവും കണ്ടെത്തി.

ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രജീഷ്, എസ്.ഐ. ഒ. സനീഷ്, സി.പി.ഒ.മാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണുണ്ടായിരുന്നത്.

കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളും അരിയും മോഷണം പോയതുമൂലം ആദ്യദിവസം കുട്ടികൾക്ക് ബ്രെഡും പഴവും നൽകിയതും അടുത്ത ദിവസങ്ങളിൽ പാത്രങ്ങൾ വാടകയ്‌ക്കെടുത്ത് ഭക്ഷണം പാകംചെയ്തതും വലിയ ചർച്ചയായിരുന്നു.