കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ 20-കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെതിരേ ​ഗുരുതര ആരോപണവുമായി ഇരയായ സ്ത്രീയുടെ അമ്മ രംഗത്ത്. മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുമായിരുന്നു. ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും അവർ വ്യക്തമാക്കി.

To advertise here,

"ഈ യുവാവ് തന്റെ മകളെ നിരന്തരം മർദിക്കുമായിരുന്നു. മിക്കവാറും വീട്ടിൽ വരുമായിരുന്നു. ആദ്യം ഞാൻ അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായി എനിക്ക് ആദ്യം തോന്നിയിരുന്നില്ല. പിന്നെയാണ്, മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും അറിയുന്നത്', അവർ വ്യക്തമാക്കി.

ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞിരുന്നുവെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. 'ഒരിക്കൽ ഞാൻ വീട്ടിൽ വന്നപ്പോൾ ഈ യുവാവ് വീട്ടിലുണ്ട്. വിവാഹത്തിന് താത്പര്യമുണ്ടെങ്കിൽ വീട്ടുകാരോട് വന്ന് കാണാൻ പറഞ്ഞു. അപ്പോൾ മൂന്ന് വർഷം സമയം വേണമെന്ന് പറഞ്ഞു. ആദ്യം ഒരു തവണ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിയ്ക്കും കണ്ണിനും പരിക്കുണ്ടായിരുന്നു. വീണതാണ് എന്നാണ് മകൾ പറഞ്ഞത്. എന്നാൽ, അന്ന് മുതൽ എനിക്ക് സംശയമുണ്ടായിരുന്നു', യുവതിയുടെ അമ്മ പറഞ്ഞു. 

ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ കണ്ടെത്തിയത്. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.