കൊച്ചി: ഇറാന്‍ അവയവക്കടത്ത് കേസില്‍ വൃക്ക നല്‍കിയവരില്‍ ഹൈദരാബാദ് സ്വദേശിയായ എം.ടെക് ബിരുദധാരി ഉള്‍പ്പെടെയുള്ളവര്‍. ഗ്രാമീണരാണ് ദാതാക്കളെന്നായിരുന്നു കേസില്‍ പിടിയിലായ സംഘം പറഞ്ഞിരുന്നത്. എന്നാല്‍, ദാതാക്കളെ കണ്ടെത്തിയതോടെയാണ് സാമ്പത്തിക ബാധ്യതയുള്ള അഭ്യസ്തവിദ്യരും ഉള്‍പ്പെട്ടതായി വ്യക്തമായത്.

To advertise here,

20 ലക്ഷം രൂപ വരെ ഇവര്‍ വൃക്ക നല്‍കുന്നതിനായി സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരമാവധി ആറുലക്ഷം രൂപ വരെയാണ് ഇവര്‍ക്ക് കിട്ടിയത്. അന്വേഷണ സംഘം ഇതുവരെ നാല് ആന്ധ്ര സ്വദേശികളുടെ മൊഴിയെടുത്തു. ഇവരുടെ ഫോണ്‍, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക പരാധീനത മൂലമാണ് വൃക്ക നല്‍കിയതെന്നാണ് നാലു പേരുടെയും മൊഴി. ദാതാക്കളില്‍ കൂടുതല്‍ പേരും ഹൈദരാബാദ് സ്വദേശികളാണെന്നും വ്യക്തമായി.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് ഇവര്‍ ഇറാനിലെത്തി വൃക്ക നല്‍കിയതെന്നും കണ്ടെത്തി. കേസിലെ മുഖ്യ പ്രതി ഇറാനില്‍ ഒളിവില്‍ കഴിയുന്ന മധു ഉള്‍പ്പെടെയുള്ള സംഘമാണ് ഇവരെ ഇറാനിലേക്ക് കൊണ്ടുപോയത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാക്കളും ദാതാക്കളായുണ്ട്. തൃശ്ശൂര്‍ സ്വദേശി സാബിത്തും കൊച്ചി സ്വദേശി സജിത്തും പിടിയിലായതോടെയാണ് മറ്റു പ്രതികളുടെ നിര്‍ദേശപ്രകാരം ഇവര്‍ നാട്ടില്‍നിന്ന് മാറിനിന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ദീര്‍ഘനാള്‍ മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവും വന്നു. സ്വീകര്‍ത്താക്കളില്‍ കൂടുതല്‍പ്പേരും ജമ്മുകശ്മീര്‍, ഡല്‍ഹി സ്വദേശികളാണെന്നും വ്യക്തമായി. മധുവും സംഘവും കേസ് വിവരങ്ങള്‍ അറിയിച്ചതിനാല്‍ ഇവരില്‍ പലരും ഒളിവിലാണ്.

അതിനിടെ, പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള ശ്രമം തുടരുകയാണ്.