കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. നേരത്തെ തിരോധാനക്കേസായി അന്വേഷിച്ചിരുന്ന സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടുനിന്നും മാമിയെ കാണാതായത്. വീട്ടിൽനിന്ന് വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട്പ കുടുംബം രാതി നൽകുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമി എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, അതിനുശേഷം മാമിക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടായിരുന്നില്ല.
ആദ്യം നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലടക്കം തുടക്കത്തിലെ അന്വേഷണത്തിൽ പോലീസിന് വലിയ വീഴ്ചകളും പാളിച്ചകളും സംഭവിച്ചതായി വിമർശനമുയർന്നിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചെങ്കിലും കേസിൽ കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല.
തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026-ൽ പുതിയ സർക്കാർ വന്നതിന് പിന്നാലെ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കേസിൽ വലിയ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. കുടുംബം ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Content Highlights: In a major breakthrough in the disappearance of Kozhikode realtor Muhammad Attur alias Mami, the Crime Branch found that he was abducted to be wrongfully confined and registered a fresh FIR with kidnapping charges.
Published: 20 Nov 2026, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented