
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചതോടെ സംസ്ഥാനത്ത് വൻ റെയ്ഡ്. കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. അവയവക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് ഇതിനോടകം ആറോളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി വിപുലമായ അന്വേഷണത്തിലേക്ക് കടന്നത്.
ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരെ കണ്ടെത്തി അവരെ അവയവദാനത്തിന് നിർബന്ധിക്കുന്ന ക്രൂരമായ രീതിയാണ് ഈ മാഫിയ പിന്തുടർന്നിരുന്നത്. 'കലത്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ മറവിലാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി വ്യാജ ആധാർ കാർഡുകളും മറ്റ് രേഖകളും നിർമ്മിച്ച് സർക്കാർ പോർട്ടലായ സഞ്ജീവനിയിൽ അപ്‌ലോഡ് ചെയ്താണ് ഇവർ അനുമതികൾ സമ്പാദിച്ചിരുന്നത്. ദാരിദ്ര്യം ചൂഷണം ചെയ്ത് ഇരകളാക്കപ്പെടുന്നവരെ പിന്നീട് ഏജന്റുമാരാക്കി മാറ്റിക്കൊണ്ട് കൂടുതൽ ആളുകളെ ഈ റാക്കറ്റിലേക്ക് എത്തിക്കുന്ന രീതിയും ഇവർക്കുണ്ടായിരുന്നു.
കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി നജീബ്, ഭാര്യ റഷീദ എന്നിവരടക്കം പത്തോളം പേരെയാണ് ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതക കേസുകളിൽ ഉൾപ്പെടെ കർണാടകയിലും കേരളത്തിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നജീബ്. ഇയാൾ കാസർകോട് നടത്തിയിരുന്ന ഇന്റർനെറ്റ് കഫേ വഴിയാണ് വ്യാജരേഖകൾ ചമച്ചിരുന്നത്. കൊല്ലം പുളിയത്തുമുക്ക് സ്വദേശിനി ശ്രീജയും ഈ റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരായ ആളുകളെ കണ്ടെത്തി നജീബിന്റെ അടുക്കലേക്ക് എത്തിക്കുന്നതായിരുന്നു ശ്രീജയുടെയും പട്ടത്താനം സ്വദേശി സുധീറിന്റെയും പ്രധാന ചുമതല.
കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ നിന്ന് പ്രതിയായ നജീബിന്റെ അക്കൗണ്ടിലേക്ക് കമ്മീഷൻ ഇനത്തിൽ വലിയ തുകകൾ വന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളുടെയും ആശുപത്രികളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയാണ് ഇഡി നടത്തുന്നത്.
മണിക്കൂറുകളോളം നീണ്ട റെയ്ഡിൽ പ്രതികളുടെ വീടുകളിൽ നിന്നും മറ്റും നിരവധി വ്യാജ രേഖകളും ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ശ്രീജയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇഡി കണ്ടെത്തി. പ്രതികളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം, പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ ആശുപത്രി അധികൃതരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: ED conducts widespread raids across Kerala hospitals in a major organ trafficking investigation.
Published: 18 Jun 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented