
കൊച്ചി: കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദർശൻ. കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ ഇരുപതോളം പേർ ഇവരെ ഹോട്ടലിൽ സന്ദർശിച്ചതായാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്നും ഡി.സി.പി. കെ.എസ്.സുദർശൻ പറഞ്ഞു. ഹോട്ടലിൽനിന്ന് എല്ലാത്തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അവിടെ വന്നത് ആരൊക്കെയെന്നും എന്തൊക്കെയാണ് നടന്നതെന്നും അറിയാം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ രക്തസാമ്പിളും യൂറിനും ശേഖരിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇവയുടെ ഫലം വരേണ്ടതുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.
ഓംപ്രകാശ് മാസങ്ങളായി നിരീക്ഷണത്തിൽ, മയക്കുമരുന്ന് വിദേശത്തുനിന്ന്
ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല.

ഞായറാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. ഇവിടെയും ഓംപ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമെടുത്തത്. ബോബി ചലപതി എന്നയാളാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നത്. ഇയാൾക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പ്രതികളിൽനിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ ഇവർ കോടതി ജാമ്യം അനുവദിച്ചു.

ബുക്ക് ചെയ്തത് മൂന്നു മുറികൾ, ലഹരി പാർട്ടി നടന്നോ എന്ന് സംശയം
മരടിലെ നക്ഷത്രഹോട്ടലിൽ മൂന്നു മുറികളാണ് ഓംപ്രകാശും ഷിഹാസും എടുത്തിരുന്നത്. ഇവിടെ ലഹരി പാർട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ പക്കൽനിന്നും ലഭിച്ച മയക്കുമരുന്നിന്റെ അളവ് കുറയാൻ കാരണം ഇതാണെന്നാണ് പോലീസ് കരുതുന്നത്. പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്നേഹ, ടിപ്സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരുടെ പേരുകളാണ് പ്രതികളെ ഹോട്ടലിൽ സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
Content Highlights: kochi drug case movie stars will questioned dcp comment
Published: 07 Oct 2024, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented