
കൊച്ചി: ഡാർക്ക് വെബ്ബിലൂടെ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടിൽ എഡിസൺ ബാബു (29) നടത്തിയത് 700-ഓളം ഇടപാട്. ‘കെറ്റാമെലോൺ’ എന്നപേരിൽ പ്രവർത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാർക്ക് നെറ്റ് മയക്കുമരുന്നുവിൽപ്പന ശൃംഖലവഴിയായിരുന്നു ഇടപാടെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കണ്ടെത്തി.
ഇയാൾ രണ്ടുവർഷത്തിനിടെ അഞ്ചുമുതൽ 10 കോടി രൂപയുടെ ഇടപാടുനടത്തിയിരിക്കാമെന്ന് എൻസിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസി, ഒരു ഹാർഡ്‌വേർ വാലറ്റ് അടങ്ങിയ ലാപ്ടോപ്പും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയതായും കണ്ടെത്തി.
അന്താരാഷ്ട്ര കച്ചവടം
എഡിസന്റെ ഡാർക്ക് വെബ്ബിലൂടെയുള്ള ലഹരിക്കച്ചവടത്തിന്റെ വഴി ഇങ്ങനെ:
1. ആഗോള എൽഎസ്ഡി വിതരണക്കാരായ ഡോ. സോയൂസ് ശൃംഖലയിൽനിന്ന് മയക്കുമരുന്നായ എൽഎസ്ഡി വാങ്ങും. ഇടപാട് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച്
2. ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് തപാലിലാണ് ഇങ്ങനെ ഓഡർചെയ്യുന്ന ലഹരിയെത്തുക. ഇത് ആഭ്യന്തര കൂറിയർ സംവിധാനമുപയോഗിച്ച് ഇടപാടുകാർക്ക് വിതരണംചെയ്യും
3. ബെംഗളൂരു, ചെന്നൈ, ഭോപാൽ, പട്‌ന, ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്. ഇയാളുടെ പേരോ വിവരങ്ങളോ വാങ്ങുന്നവർ അറിഞ്ഞിരുന്നില്ല
4. സംശയംതോന്നാതിരിക്കാൻ ഓരോതവണയും വ്യത്യസ്തപട്ടണങ്ങളിലെ ആഭ്യന്തര കൂറിയർ സംവിധാനങ്ങൾ ഉപയോഗിച്ചു
5. എന്നാൽ, ജൂൺ 28-ന് എഡിസന്റെപേരിൽ ഫോറിൻ പോസ്റ്റ് ഓഫീലെത്തിയ മൂന്നു തപാൽ പാഴ്സലുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയംതോന്നി. ഇവർ നർകോട്ടിക് കൺട്രോൾ ബ്യൂറോയെ വിവരമറിയിച്ചു. ഇതിൽനിന്നാണ് എഡിസണിലേക്ക് അന്വേഷണമെത്തുന്നത്. തുടർന്ന് ഡാർക്ക് വെബ്ബ് രഹസ്യകോഡുകളടക്കം കണ്ടെത്തിയാണ് എഡിസനെ കുടുക്കിയത്
എന്തുകൊണ്ട് ഡാർക്ക് നെറ്റ്
ഗൂഗിൾപോലുള്ള ബ്രൗസറുകളോ സെർച്ച് എൻജിനുകളോ ഉപയോഗിച്ച് പ്രവേശിക്കാനാകില്ലെന്നതും ടോർ പോലുള്ള പ്രത്യേക സോഫ്റ്റ്‌വേറുകളും കോൺഫിഗറേഷനുകളും ആവശ്യമുള്ളതുമാണ് ഡാർക്ക് നെറ്റ്. എൻക്രിപ്റ്റ്ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാർതമ്മിൽ നടത്തുകയെന്നതിനാൽ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം. ഏതെങ്കിലും ഇടപാടുകാർ വലയിൽക്കുടുങ്ങിയാലും എല്ലാകണ്ണികളെയും പിടികൂടാനാകില്ല. അന്വേഷണസംഘങ്ങൾ സമീപിച്ചാലും ചിലരാജ്യങ്ങൾ ഡാർക്ക് നെറ്റ് വിവരം കൈമാറുകയുമില്ല.
Content Highlights: Kochi Man's Dark Web Drug Empire: NCB Seizes LSD, Ketamine, and Crypto in Major Bust
Published: 03 Jul 2025, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented