സുരക്ഷാ മുന്നറിയിപ്പുകൾ കൂടിയ സാഹചര്യത്തിൽ പരസ്യങ്ങളിലൂടെ ഇരകളെ കിട്ടാതായതോടെയാണ് മാട്രിമോണിയൽ പ്ലാറ്റ്ഫോമിലേക്ക് മാറിയത്.

കൊച്ചി: സൈബർ തട്ടിപ്പ് രംഗത്തെ കംബോഡിയൻ കണ്ണികൾ ഓരോരുത്തരായി മറനീക്കി പുറത്തേക്ക്. കൊച്ചി സിറ്റി സൈബർ പോലീസിന്റെ ഓപ്പറേഷനിൽ ഒടുവിൽ പിടിയിലായ മലയാളിയാണ് തൂത സ്വദേശി അബ്ദു റഹ്‌മാൻ. നാല് വർഷം മുൻപാണ് അബ്ദു റഹ്‌മാൻ ജോലിതേടി കംബോഡിയയിലെത്തുന്നത്. ചൈനീസ് തട്ടിപ്പ് സംഘങ്ങളുടെ കമ്പനിയിൽ പ്രവേശിച്ച ഇയാൾ തുടക്കത്തിൽ ഇരകളെ കണ്ടെത്തുകയും സന്ദേശങ്ങൾ അയക്കുകയും അവരെ ഫോൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് നടത്തുന്നതിലെ മികച്ച പ്രകടനത്തെ തുടർന്ന് കംബോഡിയൻ സൈബർ തട്ടിപ്പ് കേന്ദ്രം നിയന്ത്രിച്ചിരുന്ന ചൈനീസ് സംഘം അബ്ദുവിനെ ടീം ലീഡറാക്കി സ്ഥാനക്കയറ്റം നൽകി. അതോടെ ഇയാൾ ഇന്ത്യയിൽ നിന്ന് ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഒരാളെ കംബോഡിയയിലെത്തിച്ചാൽ 3,000 ഡോളർ വരെ ലഭിക്കുമെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാട്രിമോണിയൽ വെബ്‌സൈറ്റിൽ യുവതിയും ഭാവി വധുവുമായി ചമഞ്ഞാണ് കൊച്ചിയിലെ ഡോക്ടറുടെ പണം തട്ടിയെടുത്തത്.
സാമൂഹിക മാധ്യമങ്ങൾ വഴി നൽകുന്ന ഓഹരി നിക്ഷേപത്തിന്റെയും ലോൺ ആപ്പുകളുടെയും പരസ്യങ്ങളിലൂടെയായിരുന്നു തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. സുരക്ഷാ മുന്നറിയിപ്പുകൾ കൂടിയ സാഹചര്യത്തിൽ പരസ്യങ്ങളിലൂടെ ഇരകളെ കിട്ടാതായതോടെയാണ് മാട്രിമോണിയൽ പ്ലാറ്റ്ഫോമിലേക്ക് മാറിയത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ആളുകളെ ബന്ധപ്പെടും. വിവാഹം എന്ന പേരിൽ ബന്ധപ്പെട്ട് സൗഹൃദത്തിലായ ശേഷം ഭാവിയിലേക്കുള്ള സേവിങ്‌സ് എന്ന പേരിൽ ട്രേഡിങ് നടത്താൻ ആവശ്യപ്പെടും. ഭാവി വരനോ വധുവോ ആവശ്യപ്പെടുന്നതിനാലും വളരെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്നതിനാലും ഇരകൾ പലപ്പോഴും ഈ തട്ടിപ്പിൽ വീണുപോകും. ഇത്തരത്തിലുള്ള 1000-ൽ അധികം വ്യാജ പ്രൊഫൈലുകൾ മാട്രിമോണിയൽ പ്ലാറ്റ്ഫോമുകളിൽ നിന്നു കൊച്ചി സൈബർ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.
പണം വിദേശത്ത് എത്തിക്കാൻ പല വഴികളാണ് സംഘം തിരഞ്ഞെടുത്തിരുന്നത്. നാട്ടിലേക്ക് കുഴൽപ്പണമായി അയക്കേണ്ട പണം നേരിട്ട് കൈപ്പറ്റുന്ന സംഘം, സൈബർ തട്ടിപ്പു വഴി വ്യാജ അക്കൗണ്ടിലേക്കു വരുന്ന തുകയാണ് പകരം നാട്ടിൽ വിതരണം ചെയ്യുക. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ ആക്കിയ ശേഷം വിവിധ എക്‌സ്ചേഞ്ചുകൾ വഴി കൈമാറുകയും ചെയ്യുന്നുണ്ട്.
Content Highlights: Arrest of a Malayali recruiter linked to Cambodian cyber scam rings., Modus operandi shift from loan apps to matrimonial platforms., Use of fake profiles for investment and trading scams., Money laundering techniques via crypto and hawala channels., Over 1,000 fake matrimonial profiles removed by Kochi Police.
Published: 09 Jun 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented