
കൊച്ചി: നഗരത്തിൽ കാർ യാത്രികരെ വഴിയിൽ തടഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും, അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തയാൾക്ക് ചുമത്തിയത് നിസ്സാരവകുപ്പുകൾ. പ്രതിയായ സ്വകാര്യ ബസ് ക്ലീനർ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാർ ഇതോടെ സ്റ്റേഷൻ ജാമ്യം നേടി പുറത്തെത്തി. ശനിയാഴ്ചയാണ് എറണാകുളം നോർത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 9-ന് കലൂരിൽ വെച്ചാണ് കാർ യാത്രികനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞ് അൻസാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്ന് പരാതി നൽകിയെങ്കിലും പോലീസ് അനങ്ങിയില്ല. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചശേഷം ഒരുമാസത്തോളം വൈകിയാണ് പോലീസ് അൻസാറിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ പിടിക്കാൻ ബസിനുള്ളിൽ കയറിയ പോലീസ് സംഘത്തിന് നേരേയും അൻസാർ അക്രമം നടത്തി. നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ. സുനിൽ ജലീലിനെ തള്ളിയിട്ടു. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എ.എസ്.ഐ.യുടെ വലത് കീഴ്‌ചുണ്ടിന് മുറിവും കൈത്തണ്ടയിൽ ചതവുമുണ്ടായി. രണ്ടു സംഭവത്തിലും നിസ്സാര വകുപ്പിട്ടാണ് നോർത്ത് പോലീസ് കേസെടുത്തത്. ഇരുകേസിലും ജാമ്യം കിട്ടിയതോടെ പോലീസ് ഈ വിഷയം ഗൗരവപൂർവം എടുത്തില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കേരള പോലീസ് ആക്ട് 117 ഇ പ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന നിസ്സാര വകുപ്പാണ് ചുമത്തിയത്. പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ബി.എൻ.എസ്. 132 പ്രകാരമെങ്കിലും കേസെടുക്കേണ്ടതായിരുന്നു എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ സഹായിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നുമാണ് പോലീസിന്റെ ഭാഷ്യം. നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് അൻസാറിനെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഓഗസ്റ്റ് 9-ലെ സംഭവത്തിനു ശേഷം ഓഗസ്റ്റ് 22-ന് എറണാകുളം പാലാരിവട്ടം പാടിവട്ടത്തുവെച്ച് മറ്റൊരു കാർ യാത്രക്കാരനെയും തടഞ്ഞുനിർത്തി അൻസാർ ഭീഷണിപ്പെടുത്തുകയും അംശ്ലീല ആംഗ്യങ്ങൾ കാട്ടുകയും ചെയ്ത വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസിന്റെ ഗതാഗത നിയമലംഘനം ചോദ്യം െചയ്തതിന് കാർ യാത്രക്കാരനായ റെജിൻസിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. കാർ തടഞ്ഞ് നിർത്തുകയും ബോണറ്റിൽ പല തവണ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവം നടക്കുമ്പോൾത്തന്നെ പോലീസിനെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ബസിന് പിഴയിട്ട് നടപടി അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തത്.
പോലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതിരുന്നതോടെ സിറ്റി പോലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നൽകി. അതിനിടെ റെജിൻസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഓഗസ്റ്റ് 9-ലെ സംഭവം ചർച്ചയായതോടെ റെജിൻസ് സാമൂഹിക മാധ്യമത്തിൽ തനിക്കുണ്ടായ അനുഭവം പോസ്റ്റ് ചെയ്തു. ഇതേ തുടർന്ന് മൊഴിയെടുക്കാനായി പരാതിക്കാരനെ തൃക്കാക്കര സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ യാത്രക്കാർക്കും സാധാരണക്കാരായ ഡ്രൈവർമാർക്കുമെതിരേ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനവും ഭീഷണിയും ഗുണ്ടായിസവും പതിവായിട്ടും പോലീസ് അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. സ്വകാര്യ ബസുകളിൽ പലതിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമാണ് ജോലി ചെയ്യുന്നതെന്നും യാത്രക്കാർ ആരോപിക്കുന്നു.
Content Highlights: Private bus cleaner Mohammed Ansar arrested for threatening motorists in Kochi., Accused assaulted ASI Sunil Jaleel during the arrest operation., Police charged minor sections, enabling the accused to secure station bail easily., Multiple victims came forward with similar complaints and video evidence of road rage.
Published: 07 Sept 2026, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented