കിളിമാനൂർ: വെള്ളല്ലൂരിൽ അച്ഛനെയും മകനെയും കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ കിളിമാനൂർ എസ്.എച്ച്.ഒ. നിസാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

To advertise here,

അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന ബൈക്ക് കുറവൻകുഴി-അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പ്രധാന പ്രതി സുധീഷ്, ഇയാളുടെ സുഹൃത്തുക്കളായ അരുൺ, ആരോമൽ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരുടെയും ഒപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്നവരുടേയും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്.

വ്യാഴാഴ്ചയാണ് വടശേരിക്കോണം ആര്യാ ഭവനിൽ അനിൽകുമാറിനും മകൻ അച്ചുവിനും മർദനമേറ്റത്. രാവിലെ 10 മണിയോടെ തുടങ്ങിയ പീഡനം സന്ധ്യവരെ തുടർന്നതായാണ് അനിൽകുമാറിന്റെ മൊഴി. മകളുമായുള്ള വിവാഹാലോചന നിരസിച്ച വൈരാഗ്യത്തിലാണ് ആദ്യം അനിൽകുമാറിനെയും പിന്നീട് മകനെയും വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിച്ചത്.

പ്രധാന പ്രതി സുധീഷിന്റെ അമ്മയുടെ അമ്മ വസുമതിയുടെ ഉടമസ്ഥതയിലുള്ള വട്ടവിള ഉന്നതിയിലെ വീടാണ് അക്രമികൾ ഉപയോഗിച്ചത്. പണിതീരാത്ത വീടിന്റെ അകത്ത് അലുമിനിയം ഷീറ്റും കണ്ണാടിയിലും തീർത്ത പ്രത്യേകമുറി ഉണ്ടായിരുന്നു. പുറമേ നിന്ന് നോക്കിയാൽ അത്തരമൊരു മുറി അവിടെയുള്ളതായി കാണാൻ കഴിയില്ല. കട്ടിയുള്ള കണ്ണാടിയിൽ തീർത്ത ക്യാബിനുള്ളിൽ പ്രത്യേകമായി ഫൈബർകൊണ്ട് നിർമിച്ച മറ്റൊരു മുറിയുണ്ട്. ഈ മുറിക്കുള്ളിലാണ് അനിൽകുമാറിനെയും, മകനെയും ചങ്ങലകൊണ്ട് ബന്ധിച്ച് അതിക്രൂരമായി സംഘം മർദിച്ചത്. നിലവിളിച്ചാലും ശബ്ദം പുറത്തേക്കു വരാത്ത സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

വ്യാഴാഴ്ച ഈ വീട്ടിൽനിന്ന് പാട്ട് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതിനായി ഉപയോഗിച്ച ബ്ലുടൂത്ത് സ്പീക്കർ പോലീസ് കണ്ടെടുത്തു. ഡമ്മി തോക്ക്, ഡയനാമിറ്റ്, വലിയ സ്ഫോടന ശേഷിയുള്ള നാടൻ പടക്കം, കത്തി, കട്ടിങ് പ്ലെയർ, വെടിമരുന്ന്, ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് കേബിൾ, ചങ്ങലകളും പൂട്ടുകളും പ്ലാസ്റ്റിക് കയർ, മാസ്‌ക് എന്നിവയും കണ്ടെത്തി.

പ്രത്യേകമുറി നിർമിച്ചത് രണ്ടുമാസംമുൻപ്

രണ്ട് മാസം മുൻപാണ് ഇവിടെ സുധീഷ് മുറി നിർമിച്ചതെന്ന് വസുമതി പറഞ്ഞു. മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാനാണെന്നാണ് അലുമിനിയം ഫാബ്രിക്കേഷൻ പണിക്കാരനായ സുധീഷ് അറിയിച്ചത്. ഇതിൽ സംശയം തോന്നിയ വസുമതി അന്നു തന്നെ വീട് പൂട്ടിയിട്ടിരുന്നു.

പേലീസിൽ നേരത്തേ പരാതി നൽകി

അനിൽകുമാറിന്റെ മകളെ സുധീഷ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് രണ്ട് തവണ സുധീഷിന്റെ സുഹൃത്തുക്കൾ അനിൽകുമാറിനെ സമീപിച്ചിരുന്നു. സുധീഷിന്റെ പശ്ചാത്തലം ശരിയല്ലാത്തതിനാൽ രണ്ടുതവണയും ആവശ്യം നിരസിച്ചു. അതിനുശേഷം സംഘത്തിന്റെ സമീപനത്തിൽ സംശയം തോന്നിയ അനിൽകുമാർ ഇവർക്കെതിരേ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സുധീഷിന്റെ സംഘത്തിലെ രണ്ടുപേരെ വർക്കല പോലീസ് സ്റ്റേഷനിൽ വിളിച്ചു താക്കീത് നൽകിയിരുന്നതായി അനിൽകുമാറിന്റെ മകൻ അച്ചു പറഞ്ഞു.

അനിൽകുമാറിനെയും, മകനെയും, ഭാര്യയെയും വിളിച്ചുവരുത്തി വീട്ടിലിട്ട് മർദിച്ച് ഭീഷണിപ്പെടുത്തിയശേഷം, ചെന്നൈ എയർപോർട്ടിൽ ജോലിയുള്ള മകളെ ഇവിടെ വിളിച്ചുവരുത്തി വിവാഹം ചെയ്യാമെന്നാണ് പ്രതികൾ കണക്കുകൂട്ടിയത്.