പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവരങ്ങൾ അന്വേഷിച്ചുപോയപ്പോഴാണ് പോലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കേതനുമായുള്ള വിവാഹ നിശ്ചയത്തിന് ആഴ്ചകൾക്ക് മുമ്പാണ് സിയയും ചേതനും ഉദയ്പുരിലേക്ക് യാത്ര ചെയ്തത്. ഒരു യാത്രാ സംഘത്തിനൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. കുറച്ചു ദിവസങ്ങൾ ഇവർ ഇവിടെ ഒന്നിച്ചു കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചുരുളഴിക്കാൻ യാത്രയുടെ ഓരോ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

To advertise here,

കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോൺ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഗുഢാലോചനയുടെ ഏറ്റവും പ്രധാനപ്പെട്ട തെളിവായാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്. കോട്ടയിലെ മറ്റു സഞ്ചാരികളൊന്നും ഇല്ലാത്തിടത്തെ വ്യൂ പോയിന്റ് സിയയ്ക്ക് ചേതൻ പറഞ്ഞു കൊടുത്തുവെന്നും ഇതുപ്രകാരം കേതനെയും കൊണ്ട് സിയ ഈ പ്രദേശത്തേക്ക് ചെന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും തങ്ങളും ഫോണുകളിൽനിന്ന് കളഞ്ഞിരുന്നു. ഇവ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ സൈബർ വിഭാഗം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം വാട്സാപ്പ് അടക്കമുള്ളവ പരിശോധിച്ചുവരികയാണ്.

താൻ ഒരിക്കലും കേതൻ അഗർവാളിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് പ്രതി സിയ പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. കേതൻ കൊല്ലപ്പെട്ടാൽ മറ്റൊരു വിവാഹത്തിന് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും എടുക്കുമെന്ന് സിയ സ്വയം വിശ്വസിച്ചിരുന്നു. ഈ സമയംകൊണ്ട് ചേതനെ വിവാഹം കഴിക്കാമെന്നായിരുന്നു സിയ കരുതിയിരുന്നത്. വിവാഹബന്ധം വേർപ്പെടുത്തിയശേഷം കാമുകനൊത്ത് ജീവിക്കുന്നത് ഇരുവർക്കും പേരുദോഷം ഉണ്ടാക്കുമെന്ന് ചേതനും സിയയും ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കേതനിൽനിന്ന് ഷോപ്പിങ്ങിനെന്ന് പറഞ്ഞ് സിയ പണവും കൈപ്പറ്റിയിരുന്നതായാണ് വിവരം. ഈ പണം കാമുകന് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി രൂപയാണ് ഷോപ്പിങ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് സിയ വാങ്ങിയത്. ഇത് നേരിട്ട് ചേതന് എത്തിച്ചുകൊടുത്തു. കരിയർ കെട്ടിപ്പടുക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി ചേതൻ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഭദ്രതയിലെത്താൻ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നും അതിന് ശേഷം ഒന്നിക്കാമെന്നും സിയയെ ചേതൻ വിശ്വസിപ്പിച്ചിരുന്നു.

വ്യക്തമായ ആസൂത്രണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. കേതന്റെ മരണത്തിന് ശേഷം മറ്റൊരു വിവാഹത്തിന് മൂന്ന് വർഷത്തോളം സമയമെടുക്കുമെന്ന കണക്കുകൂട്ടലിൽ സിയയും ഇതിനിടയൽ സിയയുടെ കുടുംബത്തോട് വിവാഹകാര്യം സംസാരിക്കാൻ ചേതനും പദ്ധതിയിട്ടിരുന്നു. വീട്ടുകാരുടെ അനുവാദം ലഭിച്ചതിന് ശേഷം ഇരുവരുടേയും വിവഹം സാധാരണ രീതിയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ, ഇരുവരുടേയും പദ്ധതികളെ തകർത്തത് കേതന്റെ സഹോദരിയ്ക്ക് തോന്നിയ സംശയമായിരുന്നു. തുടക്കത്തിൽ അപകടമരണമെന്ന് കരുതിയ സംഭവം, സിയയുടെ പെരുമാറ്റത്തിലുണ്ടായ സംശയം മൂലമാണ് കൊലപാതകമെന്ന് വ്യക്തമായത്. ലൊഹഗാഡ് കോട്ടയിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്താൻ സിയ പലവട്ടം ശ്രമിച്ചിരുന്നെന്നാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് 3,300 അടിയോളം ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. മേയ് 31-ന് സിയയും കേതനും ഇവിടെ സന്ദർശനം നടത്തിയിരുന്നു. നാലുദിവസത്തിന് ശേഷം ജൂൺ നാലാം തീയതി വീണ്ടും ഇവിടേക്ക് വരാൻ കേതനെ സിയ നിർബന്ധിച്ചു. എന്നാൽ, കേതന്റെ അമ്മ സമ്മതിക്കാത്തതിനാൽ അന്ന് സന്ദർശനം നടന്നില്ല. തുടർന്ന് ജൂൺ 14-ന് ഇവിടെ എത്തിയപ്പോൾ കേതനെ സിയ തള്ളിയിട്ടു. എന്നാൽ കുറ്റിച്ചെടികളിൽ പിടിച്ചുകിടന്ന് കേതൻ രക്ഷപ്പെട്ടു. എന്തിനാണ് തള്ളിയിട്ടതെന്ന ചോദ്യത്തിന്- പാമ്പിനെ കണ്ടെന്നും അതിൽനിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി തള്ളിയെന്നുമായിരുന്നു കേതന് സിയ നൽകിയ മറുപടി.

സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. കേതന്റെയും സിയയുടെയും പിന്നിലായി ഹൂഡി ധരിച്ച ഒരാൾ പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തലയിൽ ഹെഡ്‌സെറ്റുമുണ്ടായിരുന്നു. ചേതൻ ആയിരുന്നു ഇത്. ഒരിടത്തുവെച്ച് സിയ, ഇയാളെ തിരിഞ്ഞുനോക്കുന്നത് കാണാം. 33 ഡിഗ്രി ചൂടുള്ള സമയത്ത് ഹൂഡി ധരിച്ച് വന്നത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറും ആയിരുന്നു കേതൻ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുമായുള്ള വിവാഹനിശ്ചയം. ഉദയ്പുറിൽ വലിയ ആഡംബരത്തോടെ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി കൊട്ടാരം ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സിയയ്ക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. തങ്ങളുടെ ബന്ധത്തിലെ പ്രതിബന്ധമായാണ് സിയയും ചേതനും കേതനെ കണ്ടിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.