പുണെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധുവാണെന്ന പോലീസ് വെളിപ്പെടുത്തലിൽ ഞെട്ടി കുടുംബവും സുഹൃത്തുക്കളും. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാളിന്റേത് അപകടമരണമല്ലെന്നും പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണംചെയ്ത കൊലപാതകമാണെന്നുമാണ് പോലീസ് കണ്ടെത്തൽ.

To advertise here,

ഏതാനും മാസങ്ങൾക്കുള്ളിൽ ഉദയ്പൂരിൽ ആഡംബര വിവാഹം നടക്കാനിരിക്കെയാണ് എല്ലാം കീഴ്‌മേൽ മറിച്ച് കേതന്റെ മരണവിവരം പുറത്തെത്തുന്നത്. പിപ്രി-ചിഞ്ച്‌വഡ് മേഖലയിലെ പ്രമുഖ വ്യാവസായി ആണ് കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാൾ. രാജസ്ഥാനിലെ ഉദയ്പുരിൽവെച്ച് നവംബറിലാണ് കേതന്റേയും സിയയുടേയും വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹാഘോഷത്തിനായി ജയ്പൂരിൽ 17 കോടി രൂപയ്ക്ക് കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികൾക്ക് എത്താനായി മാത്രം രണ്ട് സ്വകാര്യ വിമാനങ്ങളും സജ്ജീകരിച്ചു. വിവാഹത്തിനും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്കുമായി ഇരുവരുടേയും കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്.

കാമുകനൊപ്പം ജീവിക്കാൻ കൊടും ക്രൂരത

പ്രതിശ്രുത വധുവായ സിയ ഗോയലിന് വിവാഹത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിന്റെ കാരണം. കാമുകനായ ചേതൻ ചൗധരിക്കൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് പിന്നിലെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മേയ് 31-ന് കേതൻ അഗർവാളും സിയ ഗോയലും ലോഹഗഡ് കോട്ടയിലേക്ക് ഒരു ട്രെക്കിങ് നടത്തിയിരുന്നു. ഈ യാത്രയ്ക്കിടെയാണ് ഇവിടെവെച്ച് കേതനെ കൊല്ലാനുള്ള പദ്ധതി ആദ്യമായി സിയ ആസൂത്രണം ചെയ്യുന്നത്. അതിനായി ജൂൺ 14-ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. പാമ്പുകടിയേറ്റതായി അഭിനയിച്ച് അതിനിടെ കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് ജന്മദിനാഘോഷത്തിന്റെ പേരിൽ ഇവർ വീണ്ടും ജൂൺ 19-ന് ലോഹഗഡിലേക്ക് വീണ്ടും എത്തിയത്.

സംഭവദിവസം സിയയേയും കേതനേയും കൂടാതെ അടുത്ത രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. സിയയുടെ കാമുകനായ ചേതൻ ചൗധരി ഇവരെ പിന്തുടർന്ന് ലോഹഗഡ് ഫോർട്ടിലേക്കെത്തുകയും ചെയ്തിരുന്നു. ഫോട്ടോ പകർത്തുന്നതിനിടെയാണ് സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിട്ടത്. സംഭവസ്ഥലത്തുവെച്ചുതന്നെ കേതൻ മരിച്ചു. സംഭവം പുറത്തുവന്നതോടെ സിയയേയും, ചേതൻ ചൗധരിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി, യുവാവിന്റെ മരണം കൊലപാതകം; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

പുണെയ്ക്ക് സമീപമുള്ള ഗഹുഞ്ചെ സ്വദേശിയാണ് കേദൻ അഗർവാൾ. കുടുംബ ബിസിനസ്സിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ ചുമതലയാണ് കേതനുള്ളത്. ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നത്. എന്നാൽ, കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് സമ്മതമല്ലായിരുന്നു. കാമുകനായ ചേതൻ ചൗധരിക്കൊപ്പം ജീവിക്കാമെന്നുള്ള ഉദ്ദേശത്തിലാണ് പ്രതിശ്രുത വരനെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് സിയ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

സിയയുടെ ജന്മദിനാഘോഷത്തിനായി മഹാബലേശ്വറിൽ ഒരു ലക്ഷ്വറി റിസോർട്ട് ബുക്ക് ചെയ്തിരുന്നു. ഈ പരിപാടിക്ക് മാത്രമായി എത്തുന്ന അതിഥികൾക്ക് വേണ്ടി 40 മുറികളും ബുക്ക് ചെയ്തിരുന്നു. ഇതിന് മുൻപായാണ് സിയ ലോഹഗഡിൽ ജന്മദിനാഘോഷവും പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ടും നടത്താമെന്ന പദ്ധതിയിടുന്നത്. വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കാനായി ബാലിയിലേക്കാണ് കേദൻ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, അതിൽ നിന്നൊഴിവാകാനായി സിയ തന്റെ പാസ്‌പോർട്ട് വാഷ്‌റൂമിൽ കീറിക്കളഞ്ഞതായും പോലീസ് പറയുന്നു.

കൊലയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും

കേദന്റെ മരണത്തിന് പിന്നാലെ സിയയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും സമൂഹമാധ്യമങ്ങളിൽ വ്യാപമകായി പ്രചരിച്ചു. 'ഞാൻ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്റെ ജന്മദിനത്തിൽതന്നെ നീ യാത്രപറഞ്ഞിരിക്കുന്നു. നമ്മുടെ വിവാഹം നടക്കാനിരിക്കെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. എനിക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു. നീ എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല' എന്നായിരുന്നു സിയയുടെ കുറിപ്പ്. ഇരുവരും ചേർന്ന് പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങളും സിയ പോസ്റ്റ് ചെയ്തിരുന്നു.

കേദന്റെ മരണത്തിൽ പിതാവ് വിശാൽ അഗർവാളും വളരെ വൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. ‘അവൾക്ക് (സിയ) വിവാഹം വേണ്ടായിരുന്നുവെങ്കിൽ അത് ഞങ്ങളെ അറിയിക്കാമായിരുന്നു. ഞങ്ങൾ ഉടൻ വിവാഹത്തിൽനിന്ന് പിന്മാറിയേനെ. എന്തിനാണ് അവൾ ഇത്രയും ക്രൂരമായ ഒരു തീരുമാനത്തിലേക്ക് പോയത്, എന്താണ് അവരുടെ ചിന്താഗതി. അവളുടെ മനസ്സ് ക്രൂരമായതിനാൽ 26 വയസ്സുള്ള ഞങ്ങളുടെ മകനെ അവൾ കൊലപ്പെടുത്തി. ഇത്തരം മനസ്സുള്ളവരെ സമൂഹ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ചിന്തഎവിടെനിന്ന് വരുന്നു, വളർത്തുന്ന രീതിയിലാണോ’, അദ്ദേഹം ചോദിച്ചു.

ഭാവവ്യത്യാസമില്ലാതെ നിന്നത് സംശയം ജനിപ്പിച്ചു

കേദന്റെ മരണത്തിൽ ആദ്യം തങ്ങൾക്ക് സംശയം ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവന്റെ മൃതദേഹം കണ്ടപ്പോൾ യാതൊരു ഭാവവ്യത്യാസവും സിയയിലുണ്ടായില്ല. യാതൊരു വിഷമവും കാണിക്കാതെയാണ് സിയ നിന്നിരുന്നത്, അതാണ് ഞങ്ങളിൽ സംശയമുണ്ടാക്കിയത്. അവർ രണ്ട് പേരും ഒന്നിച്ചാണ് ലോഹഗഢിലേക്ക് പോയത്. അവിടെനിന്ന് ഏതോ ഒരു വസ്തു ഉപയോഗിച്ച് കേതന്റെ തലയ്ക്കടിച്ചു. തുടർന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പോലീസ് വേഗത്തിൽ കേസ് തെളിയിച്ചുവെന്നും നന്ദിയുണ്ടെന്നും ഗേദന്റെ പിതാവ് പറഞ്ഞു. കേതന്റേയും സിയയുടേയും കുടുംബം 35 വർഷമായി സൗഹൃദത്തിലായിരുന്നുവെന്ന് കേതന്റെ അമ്മാവനും പ്രതികരിച്ചു.

കേദന്റെ മരണത്തിൽ കുടുംബവും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. കേതൻ ഒരു പരിചയസമ്പന്നനായ ട്രെക്കർ ആണ്. സിയ പറഞ്ഞതുപ്രകാരമുള്ള അപകടം സംഭവിക്കാൻ സാധ്യതയില്ലെന്നും പോലീസിന് മനസ്സിലായി. തുടർന്നാണ് സിയയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതും മറ്റൊരു പ്രണയബന്ധം പോലീസ് കണ്ടെത്തുന്നതും. സംഭവത്തിൽ സിയയെ തിങ്കാഴ്ചയും ചേതനെ ചൊവ്വാഴ്ച രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരേ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തുവെന്ന് പുണെ റൂറൽ പോലീസ് സ്‌റ്റേഷൻ സന്ദീപ് സിങ് ഗിൽ പറഞ്ഞു.